
ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ബന്ധപ്പെട്ട പ്രതി ഉമർ ഉൻ നബിയുടെ നീക്കങ്ങൾ വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി വിവരം. സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപ് ഉമർ രണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായും ഒക്ടോബർ 29ന് ഫരീദാബാദിലെ ഒരു മൊബൈൽ കടയിൽ വെച്ച് ഉമർ ഒരു ഫോൺ കടയുടമയ്ക്ക് നൽകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്ഫോടനം നടന്ന ദിവസം വടക്കൻ ഡൽഹിയിലെ ഒരു ചായക്കടയിൽ ഇയാൾ എത്തിയതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അതായത്, സ്ഫോടന ദിവസം ചെങ്കോട്ടയ്ക്ക് പരിസര പ്രദേശങ്ങളിലൂടെ ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്ന് വ്യക്തം.
അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഉമർ സഞ്ചരിച്ച വഴികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വസീർപൂരിലെ ഒരു ചായക്കടയ്ക്ക് സമീപം തിരക്കിട്ട് നടന്നുപോകുന്ന ഉമറിനെ കാണാം. ഉമർ ഉൻ നബിയുടെ നീക്കങ്ങൾ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. 50ൽ അധികം സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് പോലീസ് ഉമറിന്റെ നീക്കങ്ങൾ കണ്ടെത്തിയത്. നവംബർ 9, 10 തീയതികളിൽ ഉമറിനൊപ്പം ഉണ്ടായിരുന്നവർ പിടിയിലാവുകയും സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ഉമർ ഫിറോസ്പൂർ ഝർക്കയിലേക്ക് രക്ഷപ്പെട്ടു. ഡൽഹി – മുംബൈ എക്സ്പ്രസ് വേയിലെ ഒരു ധാബയിൽ കാറിൽ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ 8.13ന് ബാദർപൂർ അതിർത്തി കടന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തി.
തിങ്കളാഴ്ച സിസിടിവി ദൃശ്യങ്ങളിൽ ഉമർ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതായി കാണാം. ഉമർ മയൂർ വിഹാർ അശോക് വിഹാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിയിലും സന്ദർശനം നടത്തി. ഒടുവിൽ ഉച്ചയ്ക്ക് 3.19ന് റെഡ് ഫോർട്ട് പാർക്കിങ് സ്ഥലത്തെത്തി. വൈകുന്നേരം 6.52ന് ലാൽ ക്വില മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ വെച്ചാണ് ഇയാൾ സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇയാളും കൊല്ലപ്പെട്ടിരുന്നു.
Dr. Umar was seen in 50 CCTVs before the blast.










