
ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ല എന്നത് ഉറപ്പായി. ഒക്ടോബറിൽ വരുമെന്നായിരുന്നു കായിക മന്ത്രി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നത്. മെസ്സി വരാനുള്ള സാധ്യതയില്ലെന്ന് കായിക വകുപ്പ് തന്നെ അറിയിച്ചിരിക്കുകയാണ്. ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളത്തിന് ഇടം പിടിക്കാനായിട്ടില്ല.
ഈ വർഷം ഒക്ടോബറിൽ ലയണൽ മെസ്സി കേരളത്തിൽ എത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാനും സ്ഥിരീകരിച്ചു. സ്പോൺസറുടെ താൽപ്പര്യപ്രകാരം ഈ വർഷം ഒക്ടോബറിൽ തന്നെ വരാൻ കഴിയില്ലെന്ന് അർജൻ്റീന അറിയിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. “ആ സമയത്ത് മാത്രമേ തങ്ങൾക്ക് പറ്റൂവെന്ന് സ്പോൺസറും പറഞ്ഞു. മെസ്സി വരില്ലെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ല,” കായികമന്ത്രി പറഞ്ഞു.
മെസിയും അർജന്റീനയും കേരളത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ സർക്കാരിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്. വിഷയത്തിൽ കടുത്ത പരിഹാസമാണ് വിടി ബൽറാം ഉന്നയിച്ചരിക്കുന്നത്. നിരാശാജനകമാണ് ഈ വാർത്ത എന്നും കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ളവർ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്സ്യൂളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണമെന്നാണ് പോസ്റ്റിൽ പറയുന്നത്.