കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം, 2,12000 രൂപ പിഴ

പത്തനംതിട്ട : കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കായംകുളം കീരിക്കാട് തെക്ക് സ്വദേശിയാണ് പ്രതി നൗഫല്‍. കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍.

2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് യുവതിക്ക് ദാരുണഅനുഭവം ഉണ്ടായത്. കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാള്‍ ആംബുലന്‍സില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം പ്രതി ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.

നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി.ഹരികൃഷ്ണന്‍ ഹാജരായി.

More Stories from this section

family-dental
witywide