
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഒളിവിൽപ്പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയില്‍. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർണാടകയിൽ താമസമാക്കിയ വ്യക്തി ഇന്നലെയാണ് പിടിയിലായത്. ഇയാൾ അവിടെ ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള റിയല്‍ എസ്‌റ്റേറ്റുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നാണ് വിവരം.
ഈ ഡ്രൈവർക്ക് രാഹുലുമായി ബന്ധമില്ലെന്നും ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇയാള്‍ പറഞ്ഞതനുസരിച്ച് നഗരത്തില്‍ നിന്ന് അകലെയായി ഒരു രഹസ്യ കേന്ദ്രത്തിൽ രാഹുൽ ഉണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. അന്വേഷണ സംഘം എത്തിയെങ്കിലും അവിടെ രാഹുലിനെ കണ്ടെത്താനായില്ല. ഇന്നലെ നാല് സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വാഹനങ്ങളും ഒളിത്താവളങ്ങളും രാഹുല്‍ ഇടയ്ക്കിടെ മാറ്റിയാണ് നീങ്ങുന്നത്. ചില വ്യക്തികളുടെ സഹായം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ടെന്നാണ് നിഗമനം.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഇന്നുണ്ടായേക്കും. ഇന്നലെ വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു. ഇന്നും അടച്ചിട്ട കോടതി മുറിയില്‍ വാദം തുടരും.
Driver who took Rahul, who is absconding in rape case, to Bengaluru taken into custody.














