
ജറുസലം : തെക്കന്‍ ഇസ്രയേലിലെ എയ്ലത് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 22 പേര്‍ക്ക് പരുക്ക്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തെ തുടര്‍ന്ന് ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.
യെമനില്‍നിന്നും അയച്ച ഡ്രോണാണ് ചെങ്കടല്‍ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത് നഗരത്തില്‍ പതിച്ചത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഡ്രോണ്‍ പതിച്ചത്. അതിര്‍ത്തി ഭേദിച്ചെത്തിയ ഡ്രോണ്‍ തടയാന്‍ ശ്രമിച്ചെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഡ്രോണിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Yemeni DRONE makes DEADLY descent into port city of Eilat in south Israel
— RT (@RT_com) September 24, 2025
Footage: Lord of War pic.twitter.com/edkEDIPGpO
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതികളാണ് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിനെ ദ്രോഹിക്കുന്നവര്‍ക്ക് ഏഴ് മടങ്ങായി തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു. ഓഗസ്റ്റില്‍ അവസാനം യെമനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടിരുന്നു.