
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടി. നടൻ ലഹരിമരുന്ന് ഉപയോഗിച്ചതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. ഷൈൻ ടോം ചാക്കോയുടെ രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിരോധിച്ച ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഏപ്രിലിൽ ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഒരു ആഡംബര ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. തുടർന്ന് പൊലീസ് ഷൈനെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കുകയുമായിരുന്നു. ഈ കേസിൽ ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.
ലഹരി ഉപയോഗം ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തത് പൊലീസിന് ഈ കേസിൽ വലിയ തിരിച്ചടിയായിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടുമെന്നും റിപ്പോർട്ടുകളുണ്ട്. 2015-ലെ കൊക്കെയ്ൻ കേസിലും തെളിവുകളുടെ അഭാവത്തിൽ ഷൈൻ ടോം ചാക്കോയെ കോടതി ഈ വർഷം ഫെബ്രുവരിയിൽ വെറുതെ വിട്ടിരുന്നു.
Drug case against actor Shine Tom Chacko: Forensic report finds no evidence of drug use, a setback for the police















