
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത തന്റെ വാഹനം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്ത നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് വകുപ്പിന്റെ നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമപരമായി മാത്രമാണ് വാഹനം വാങ്ങിയതെന്നും, താൻ സമർപ്പിച്ച രേഖകളൊന്നും പരിശോധിക്കാതെ നിയമവിരുദ്ധമായി നടപടി സ്വീകരിച്ചുവെന്നും ദുൽഖർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നാല് വാഹനങ്ങൾ സംശയത്തിന്റെ നിഴലിലാണ്, അതിൽ രണ്ട് ലാൻഡ് റോവറുകളും രണ്ട് നിസാൻ വാഹനങ്ങളും ഉൾപ്പെടുന്നു.
ഇതിൽ ഒരു വാഹനമാണ് ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കി തിരികെ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അടുത്ത ദിവസങ്ങളിൽ ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്.