
കൊച്ചി: ‘ഓപ്പറേഷൻ നുംഖോറു’മായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫന്‍ഡർ വാഹനം തിരികെ ലഭിക്കാൻ നടൻ ദുൽഖർ സൽമാൻ കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. കസ്റ്റംസ് നിയമപ്രകാരം വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്നും, ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിക്കുകയാണെങ്കിൽ കാരണങ്ങൾ രേഖാമൂലം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
നിയമപ്രകാരം റജിസ്റ്റർ ചെയ്ത തന്റെ വാഹനം അന്യായമായി പിടിച്ചെടുത്തുവെന്നും അത് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി നിലനിൽക്കില്ലെന്നും, പരിശോധനയ്ക്കും പിടിച്ചെടുക്കലിനും തങ്ങൾക്ക് അധികാരമുണ്ടെന്നും കസ്റ്റംസ് വാദിച്ചു. അന്വേഷണം ആദ്യഘട്ടത്തിലാണെന്നും, കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യത്തേക്ക് കടത്തിയ 150ലേറെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നും, ദുൽഖറിന്റെ മറ്റു രണ്ടു കാറുകൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
എന്നാൽ, വാഹനം പിടിച്ചെടുക്കാൻ യാതൊരു അടിസ്ഥാനവുമില്ലെന്ന് ദുൽഖറിന്റെ അഭിഭാഷകൻ വാദിച്ചു. 2004ൽ റെഡ് ക്രോസിനു വേണ്ടി യുകെയിൽനിന്ന് ഡൽഹിയിലേക്ക് ഇറക്കുമതി ചെയ്തതും വിവിധ മന്ത്രാലയങ്ങളുടെ അനുമതിയുള്ളതുമായ വാഹനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 2012ൽ തമിഴ്നാട് സ്വദേശി വാങ്ങിയ ശേഷം കൈമാറ്റം നടന്നാണ് താൻ വാങ്ങിയതെന്നും, എല്ലാ രേഖകളും ഉണ്ടെന്നും ദുൽഖർ വാദിച്ചു. വാഹനം വിട്ടുകിട്ടുന്നതിനു അപ്പലറ്റ് ട്രിബ്യൂണലിനെയോ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയോ സമീപിക്കാമെന്ന് കസ്റ്റംസ് നിർദേശിച്ചെങ്കിലും, കോടതി അതിനെ തള്ളി.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ പേരുകൾ പുറത്തുവിട്ടതിനെക്കുറിച്ചും, ആദ്യ റജിസ്ട്രേഷൻ വ്യാജമാണെന്ന് പറയാൻ തെളിവുകളുണ്ടോയെന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ പ്രാഥമിക അന്വേഷണം നടത്തുന്നതിനെക്കുറിച്ചും കോടതി ആരാഞ്ഞു. സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങളെന്ന് ചൂണ്ടിക്കാട്ടിയ കോടതി, 20 വർഷമായി ഓടിക്കൊണ്ടിരുന്നതും പണം കൊടുത്തു വാങ്ങിയതുമായ വാഹനത്തിന്റെ രേഖകൾ ഒട്ടേറെ അധികൃതരിലൂടെ കടന്നുപോയിരിക്കുമെന്ന് പരാമർശിച്ചു. തുടർന്നാണ് വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാനുള്ള നിർദേശം നൽകിയത്.