
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമർശനം. ജാനകി എന്ന പേരാണ് പ്രശനം എന്നത് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടി എന്ന വിവരം പുറത്തുവന്നതോടെ വിവിധ മേഖലകളിൽ ഉള്ളവർ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐ, ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിൻ്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐയുടെ പ്രതികരണം ഇങ്ങനെ
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. പ്രസ്തുത സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽനിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന സമയത്താണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. കലാസംസ്കാരിക മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് സെൻസർ ബോർഡ് നടത്തിയിട്ടുള്ളത്. ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.ഒരു കഥാപാത്രത്തിന്റെ പേര് പോലും ഉപയോഗിച്ച് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിൻ്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.