
ഡൽഹി: കോൺഗ്രസ് എം പി ശശി തരൂരിന്റെ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസാണ്’ എന്ന ലേഖനം ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറുന്നു. തരൂരിന്‍റെ ലേഖനം ആയുധമാക്കി ബിജെപി രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും എതിരെ ശക്തമായ പ്രചരണം തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 31ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂർ വിമർശിക്കുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പതിറ്റാണ്ടുകളായുള്ള ആധിപത്യം ചൂണ്ടിക്കാട്ടി, ഇത് രാഷ്ട്രീയ നേതൃത്വത്തെ പാരമ്പര്യമാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിക്കുന്നു.
ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല എക്സിൽ പോസ്റ്റ് ചെയ്ത് തരൂരിന്റെ ലേഖനത്തെ സ്വാഗതം ചെയ്തു. ”രാഹുലിനും തേജസ്വി യാദവിനും നേരെ നേരിട്ടുള്ള ആക്രമണമാണ് തരൂരിന്റെ വാക്കുകൾ” എന്ന് അദ്ദേഹം കുറിച്ചു. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വരെയുള്ള കുടുംബാധിപത്യം ലേഖനത്തിൽ വിശദീകരിച്ചതായി പൂനാവാല ചൂണ്ടിക്കാട്ടി. തരൂരിനെ ‘ഖത്രോം കെ ഖിലാഡി’ എന്ന് വിശേഷിപ്പിച്ച്, കോൺഗ്രസിന്റെ പ്രതികാരബുദ്ധിക്ക് ഇരയാകാതിരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ലേഖനത്തിൽ തരൂർ ഇന്ത്യാ സഖ്യത്തിലെ പ്രാദേശിക പാർട്ടികളെയും വിമർശിക്കുന്നു. ഒഡീഷയിലെ ബിജെഡി, യുപിയിലെ സമാജ്വാദി പാർട്ടി, മഹാരാഷ്ട്രയിലെ ശിവസേന, തമിഴ്നാട്ടിലെ ഡിഎംകെ, ബംഗാളിലെ തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയെല്ലാം കുടുംബവാഴ്ചയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലെ സമാന പ്രവണതകളുമായി താരതമ്യപ്പെടുത്തി, ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇത് അസ്ഥാനത്താണെന്ന് തരൂർ അഭിപ്രായപ്പെട്ടു.
കുടുംബവാഴ്ചക്ക് പകരം യോഗ്യതയെ മാനദണ്ഡമാക്കണമെന്ന് തരൂർ ആവശ്യപ്പെടുന്നു. ടേം ലിമിറ്റുകൾ, പാർട്ടി തിരഞ്ഞെടുപ്പുകൾ, വോട്ടർമാരെ ബോധവൽക്കരിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം നിർദേശിക്കുന്നു. രാഷ്ട്രീയ കുടുംബങ്ങളിലെ നേതാക്കൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും മോശം പ്രകടനത്തിന് ഉത്തരവാദിത്തമില്ലെന്നും വിമർശിച്ചു.
കോൺഗ്രസ് ഇതുവരെ ലേഖനത്തോട് പ്രതികരിച്ചിട്ടില്ല. വിദേശനയം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ തരൂർ നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. മോദിക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തിയിട്ടും പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടില്ല.















