ക്രൈംബ്രാഞ്ച് റിപ്പോർട്ടടക്കം പിവി അൻവറിന് ചോർത്തി നൽകിയെന്ന് കണ്ടെത്തൽ, ഡിവൈഎസ്‌പി എംഐ ഷാജിക്ക് സർക്കാർ വക സസ്പെൻഷൻ

തിരുവനന്തപുരം: പി വി അൻവറിന് ക്രൈം ബ്രാഞ്ച് വിവരങ്ങളടക്കം ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോർത്തി നൽകിയതിനാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് അൻവർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പി.വി അൻവർ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്.

ബിജെപി ബന്ധമുള്ള ചില ഉദ്യോഗസ്ഥർ, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു എന്നായിരുന്നു ഇതിലെ കണ്ടെത്തൽ. രേഖ പുറത്തുവന്നത് ആഭ്യന്തരവകുപ്പിനുള്ളിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കുകയും തുടർന്ന് ഇന്റലിജൻസ് അന്വേഷണം നടത്തുകയുമായിരുന്നു.ഈ അന്വേഷണത്തിൽ എം.ഐ ഷാജിയെന്ന ഡിവൈഎസ്പി പി.വി അൻവറുമായി നിരന്തരം ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി ചില രേഖകൾ കൈമാറി എന്നും കണ്ടെത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്റലിൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് ഡിവൈഎസ്പിയെ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സസ്പെൻഷൻ.

More Stories from this section

family-dental
witywide