
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 1500 ഓളമായെന്ന് റിപ്പോർട്ട്. ഇതുവരെ 1411 മരണം സ്ഥിരീകരിച്ചതായി താലിബാൻ ഭരണകൂടം അറിയിച്ചു. 3124 ലധികം പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്, 5400 വീടുകൾ പൂർണമായി തകർന്നു. അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ അഭിപ്രായത്തിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ എണ്ണം കൂടുതലായിരിക്കാം, ഇത് മരണസംഖ്യ ഇനിയും ഉയരാൻ കാരണമാകാം.
ആശങ്ക കനക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാത്രിയോടെ ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 12,000 ത്തിലേറെ ആളുകളെ ഈ ദുരന്തം നേരിട്ട് ബാധിച്ചിട്ടുണ്ട്. പർവതപ്രദേശങ്ങളിലെ റോഡുകളുടെ തകർച്ച രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു, പല പ്രദേശങ്ങളിലേക്കും ഇനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യ അടിയന്തര സഹായമായി 1000-ലധികം ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും അയച്ചിട്ടുണ്ട്, ബ്രിട്ടൻ ഒരു മില്യൺ പൗണ്ടിന്റെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, താലിബാൻ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ശേഷിയുടെ പരിമിതിയും സ്ത്രീവിരുദ്ധ നയങ്ങൾ ഉൾപ്പെടെയുള്ള നയങ്ങൾ മൂലം അന്താരാഷ്ട്ര സഹായം പരിമിതപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ കഴിയാത്ത സാഹചര്യം ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു.