ന്യൂഡൽഹി: ഇന്ത്യയുടെ ആയുധവിപണിയായി കിഴക്കനേഷ്യ മാറുന്നു. ഫിലിപ്പിൻസിന് പുറമെ ഇന്ത്യയിൽനിന്ന് ഇൻഡൊനീഷ്യയും ബ്രഹ്മോസ് മിസൈൽ വാങ്ങുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയും ഇൻഡൊനീഷ്യയും ബ്രഹ്മോസ് മിസൈൽ കരാറിൽ ഒപ്പ് വെക്കാനൊരുങ്ങുന്നുവെന്നാണ് എഎൻഐ റിപ്പോർട്ട്. ബ്രഹ്മോസിൽ റഷ്യയ്ക്കും പങ്കാളിത്തമുള്ളതിനാൽ കരാറിന് റഷ്യയുടെ അംഗീകാരം കൂടി ലഭിക്കണമെന്നും ഇതിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകൾ.
സമീപകാലത്തായി ഇന്ത്യ- ഇൻഡൊനീഷ്യ പ്രതിരോധ സഹകരണം ശക്തമായിരുന്നു. ചെറിയ നാവികസേന മാത്രമുള്ള ഇൻഡൊനീഷ്യയ്ക്ക് തീരസുരക്ഷ ഉറപ്പുവരുത്താൻ ബ്രഹ്മോസ് പോലെ ശക്തമായ ആയുധം വേണമെന്നതിനാൽ ഫിലിപ്പിൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങിയതിന് പിന്നാലെയാണ് ഇൻഡൊനീഷ്യയും രംഗത്ത് വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തരിപ്പിണമാക്കിയ ബ്രഹ്മോസിന്റെ കൃത്യത ഇൻഡൊനീഷ്യയെ ആകർഷിച്ചിരുന്നു. ഇതാണ് മിസൈൽ കരാർ വേഗത്തിലാക്കാൻ ഇടയാക്കിയതെന്നാണ് വിവരം.
ഇന്ത്യയും ഇൻഡൊനീഷ്യയ്ക്കും സമാനമായ ഇന്തൊ-പസഫിക് നയമാണുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികർ പരസ്പരം സഹകരിക്കുന്നുമുണ്ട്. അടുത്തിടെ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറർ അനിൽ ചൗഹൻ ഇൻഡൊനീഷ്യ സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഇൻഡൊനീഷ്യയുമായുള്ള പ്രതിരോധ ഇടപാട് പൂർത്തിയാകുന്നതോടെ ചൈനയ്ക്ക് മേധാവിത്വമുണ്ടായിരുന്ന കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയിൽ ഇന്ത്യയും ചുവടുറപ്പിക്കുകയാണ്. ഇൻഡൊനീഷ്യയ്ക്ക് പുറമെ ബ്രഹ്മോസ് മിസൈൽ വിയറ്റ്‌നാമും വാങ്ങാൻ ഒരുങ്ങുന്നുണ്ട് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാർ 2023ലാണ് ഫിലിപ്പിൻസ് ഒപ്പിട്ടത്. 37.5 കോടി ഡോളറിന്റെ ( ഏകദേശം 3323 കോടിരൂപ)യുടേതായിരുന്നു ഇടപാട്. കരാർ പ്രകാരമുള്ള മിസൈൽ സംവിധാനങ്ങൾ ഇന്ത്യ പൂർണമായും ഫിലിപ്പിൻസിന് കൈമാറിക്കഴിഞ്ഞു. 290 കിലോമീറ്റർ പ്രഹരപരിധിയുള്ള മിസൈലുകളാണ് ഇന്ത്യ കൈമാറിയത്.
East Asia becomes India’s arms market; BrahMos missile deal with Indonesia becomes a reality












