
ഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവും ദേശീയ വക്താവുമായ പവൻ ഖേരയുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ചൊല്ലി വിവാദം കത്തുന്നു. പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ആരോപിച്ച് ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഇന്നലെ സമാപിച്ചതിന് പിന്നാലെയാണ് ബി ജെ പി ആരോപണവുമായി രംഗത്തെത്തിയത്. പവന്‍ ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പവൻ ഖേരക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ഡൽഹി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ എക്സിൽ പങ്കുവെച്ച നോട്ടീസ് പ്രകാരം, പവൻ ഖേര ഡൽഹിയിലെ ജന്തപുര മണ്ഡലത്തിലും ജംഗ്‌പുര നിയോജക മണ്ഡലത്തിലുമാണ് വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നത് 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് നോട്ടീസിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടിയാണ് കമ്മീഷൻ ഖേരക്ക് നോട്ടീസ് നൽകിയത്.
സെപ്റ്റംബർ 8-ന് രാവിലെ 11 മണിക്ക് മുമ്പ് മറുപടി നൽകാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ ഖേരയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.