
ഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്നും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ളാ നടന്നെന്നുമുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ ഔദ്യോഗികമായി സത്യവാങ്മൂലം ഒപ്പിട്ട് വിവരങ്ങള്‍ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. തുടർ നടപടികള്‍ ആരംഭിക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തില്‍ എടുത്തുകാട്ടിയ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് നിർദേശം. സത്യവാങ്മൂലത്തിന്റെ മാതൃകയും ലോക്‌സഭാ പ്രതിപക്ഷ നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചു നല്‍കി.
കത്തിനൊപ്പം ചേർത്തിട്ടുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയില്‍, തെറ്റായ തെളിവുകൾ സമർപ്പിക്കുന്നത് ബിഎൻഎസ് സെക്ഷൻ 227 പ്രകാരം ശിക്ഷാർഹമാണെന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങള്‍ നടത്തുന്നത് 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരം ശിക്ഷാർഹമാണെന്നും എടുത്തുപറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തോട് വാർത്താ സമ്മേളനത്തില്‍ തന്നെ രാഹുല്‍ പ്രതികരിച്ചിരുന്നു. “ഞാൻ ഇത് എല്ലാവരോടും പരസ്യമായാണ് പറയുന്നത്. ഇത് ഒരു സത്യവാങ്മൂലമായി എടുക്കുക. ഇത് അവരുടെ (തെരഞ്ഞെടുപ്പ് കമ്മീഷന്‍) ഡാറ്റയാണ്, ഞങ്ങൾ അവരുടെ ഡാറ്റയാണ് പ്രദർശിപ്പിക്കുന്നത്. ഇത് ഞങ്ങളുടെ ഡാറ്റയല്ല,” രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തെളിവുകള്‍ നിരത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വാർത്താ സമ്മേളനം. ‘വോട്ട് കൊള്ള’ ആരോപണം ചർച്ചയായതോടെയാണ് രാഹുലിന് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെ പൂർണമായും സംശയനിഴലിലാക്കുകയാണ് രാഹുൽ എന്ന് ബിജെപി കുറ്റപ്പെടുത്തി. കോൺഗ്രസ് ജയിക്കുന്ന തെരഞ്ഞെടുപ്പിൽ കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുന്നില്ലല്ലോ എന്ന ചോദ്യം ഉയർത്തിയാണ് ബിജെപിയുടെ പ്രതിരോധം .