
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയേയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്.
നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. കേസില്‍ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇഡിക്ക് അനുമതി നല്‍കണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ശുപാര്‍ശ ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതി കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ മാര്‍ച്ച് 21നാണ് അറസ്റ്റു ചെയ്തത്. മദ്യ നയവുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും സമര്‍പ്പിച്ച പ്രത്യേക കേസുകളില്‍ സെപ്റ്റംബറിലാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.