
കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടൻ ദുൽഖർ സൽമാനെ ചെന്നൈയിൽ നിന്ന് വിളിച്ചുവരുത്തി. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് ഇഡി വിവരങ്ങൾ ശേഖരിച്ചു. വിദേശനാണ്യ വിനിമയ നിയമ (ഫെമ) ലംഘനം സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ദുൽഖറിന്റെ കടവന്ത്രയിലെ വീട്ടിലും പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിലും രാവിലെ ഏഴു മണിയോടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ കസ്റ്റംസ് വിഭാഗം ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ ഡിഫൻഡർ, ഒരു നിസാൻ പട്രോൾ എന്നീ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. 2004 മോഡൽ ഡിഫൻഡർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി, കസ്റ്റംസിനോട് വാഹനം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാനും ദുൽഖറിനോട് അപേക്ഷ നൽകാനും നിർദേശിച്ചു. എന്നാൽ, ഇതിന് പിറ്റേ ദിവസം തന്നെ ഇഡി റെയ്ഡ് നടത്തുകയായിരുന്നു. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗരേജിൽ എട്ടോളം പഴയ വാഹനങ്ങൾ മാത്രമാണ് നിലവിലുള്ളത്.
ദുൽഖറിനു പുറമെ, നടൻ പൃഥ്വിരാജിന്റെയും അമിത് ചക്കാലയ്ക്കലിന്റെയും വസതികളിലും ഇഡി പരിശോധന നടത്തി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നേരത്തെ പരിശോധന നടത്തിയ 17 സ്ഥലങ്ങളിലാണ് ഇഡി ഇപ്പോൾ റെയ്ഡ് നടത്തിയത്. ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വീടുകളിൽ നടക്കുന്ന ഈ പരിശോധനകൾ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ.