മതനിരപേക്ഷതയെ വിചാരണ ചെയ്യാൻ കൂട്ടുനിൽക്കുന്ന ഭരണകൂടം; ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം പ്രതിസന്ധിയിലോ ?

ജൂലൈ 25- പ്രഭാതം. ഛത്തീസ്ഗഢിലെ ദുർഗ് റയിൽവേ സ്റ്റേഷനിൽ ഗ്രീൻഗാർഡൻ ( എഎസ്എംഐ) സംഭാംഗങ്ങളും മലയാളികളുമായ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും എത്തിച്ചേർന്നു. ഒരാള്‍ ആഗ്രയില്‍ നിന്നും മറ്റൊരാള്‍ ഭോപ്പാലില്‍ നിന്നുമാണ് എത്തിയത്. അവര്‍ നാരായണ്‍പൂരില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കൊണ്ടുപോകാന്‍ വന്നവരായിരുന്നു. ആ മൂന്ന് പെണ്‍കുട്ടികളും നാരായണ്‍പൂരിലുളള സിഎസ്‌ഐ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടികള്‍ വന്നത് അവരില്‍ ഒരാളുടെ സഹോദരനൊപ്പമായിരുന്നു. അവരുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റുണ്ടായിരുന്നില്ല.

റെയില്‍വേ സ്‌റ്റേഷനകത്ത് ഈ സിസ്‌റ്റേഴ്‌സിനെ തിരയുന്നതിനിടെ അവരെ ടിടിഇ പിടിച്ചു. ടിക്കറ്റ് സിസ്റ്റേഴ്‌സിന്റെ കൈവശമാണെന്ന് പറഞ്ഞപ്പോള്‍ 2 പിടികിട്ടാപുള്ളികളെ കണ്ടെത്തിയാൽ എന്നപോലെ അയാൾ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു.

ഉടൻ അവരെത്തി മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും സാധ്യതയുണ്ടെന്ന് ആരോപണം ഉന്നയിച്ചു. ഉടനെ ആളുകള്‍ ഓടിക്കൂടി. കൈ ചൂണ്ടി, ചീത്തവിളിച്ചു, ചോദ്യം ചെയ്തു, ആ പെണ്‍കുട്ടികളെ ചോദ്യം ചെയ്തത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതപത്രം പൊലീസിന് കൊടുത്തു. അവരത് വാങ്ങാന്‍ തയ്യാറായില്ല. ആ പെണ്‍കുട്ടികളെ മൊഴിമാറ്റി പറയാന്‍ അവര്‍ പ്രേരിപ്പിച്ചു. കേസിന് ഒരു സാധ്യതയുമില്ലാത്ത ഒരിടത്ത് ബജ്‌റംഗ്ദളിന്റെ നിര്‍ബന്ധപ്രകാരം പൊലീസ് കേസെടുത്തു. ജീവിക്കാൻ കഷ്ടപ്പെട്ടിരുന്ന മൂന്ന് പെൺകുട്ടികൾക്ക് ജോലി കൊടുക്കാൻ എത്തിയ ആ കന്യാസ്ത്രീകൾ അങ്ങനെ ഗുരുതര കുറ്റം ചെയ്ത ക്രിമിനലുകളായി മാറി. മത പരിവർത്തനം, മനുഷ്യക്കടത്ത് ഈ രണ്ട് കുറ്റങ്ങൾ ചാർത്തി ആ കന്യാസ്ത്രീകളെ കയ്യാമം വച്ചു . ആദ്യം ആൾക്കൂട്ട വിചാരണ. ഇപ്പോൾ ഭരണകൂട വിചാരണ.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യയുടെ ഭരണഘടന ഈ രാജ്യത്തെ ജനത്തിന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുളള അവകാശവും സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ഹിന്ദു മത ദേശീയതയുടെ വക്താക്കളായ ആർഎസ്എസും അവരുടെ തീവ്രവാദ സ്വഭാവമുള്ളചില സംഘടനകളും ഇന്ത്യയുടെ മതനിരപേക്ഷതയെ അപമാനിക്കുകയും നിയമം കയ്യിലെടുത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്നത് പുതിയ സംഭവമേ അല്ലാതായി കഴിഞ്ഞു.

ഇത് ഇന്നലെ മാത്രം തുടങ്ങിയതല്ല. ബിജെപി അധികാരത്തിൽ എത്തിയശേഷം ക്രിസ്ത്യൻ മിഷനറിമാർക്കും പള്ളികൾക്കും നേരെ നടക്കുന്ന ആക്രമണം ഏതാണ്ട് എട്ടിരട്ടിയായി വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും ഗോവയിലും ഒഴികെ ബിജെപിക്ക് ക്രിസ്ത്യാനികൾ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ്. കമ്യൂണിസ്റ്റുകളെ പോലെ, മുസ്ലിങ്ങളെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടവർ. അവർ ആ അജൻഡ നടപ്പാക്കാനായി തങ്ങളുടെ മുഴുവൻ ഭരണസംവിധാനവും ഉപയോഗിക്കുന്നുമുണ്ട്.

എങ്ങനെയാണ് ഒരു റയിൽ വേ ഉദ്യോഗസ്ഥന് കന്യാസ്ത്രീകളെ ചോദ്യം ചെയ്യാനായി ബജ്റംങ്ദൾ പ്രവർത്തകരെ വിളിച്ചു വരുത്താനാക്കുക?. ആൾക്കൂട്ട വിചാരണ നടത്താൻ റയിൽവേസ്റ്റേഷൻ ഒരു നാട്ടുപഞ്ചായത്തോ കോടതിയോ ആക്കി മാറ്റാൻ ആരാണ് അയാളെ ചുമതലപ്പെടുത്തിയത്? അയാൾക്ക് എതിരെ എന്താണ് നടപടി ഇല്ലാത്തത്? പൊലീസിന് വെറും കാഴ്ചക്കാരായി കൈകെട്ടി നിൽക്കാനാവുക എങ്ങനെയാണ്? എന്നു മുതലാണ് തീവ്രവർഗീയ സംഘടനകൾ കോടതികളും നിയമപാലകരുമാകുന്നത്? മണിപ്പൂരിൽ നൂറുകണക്കിന് പള്ളികളും മഠങ്ങളും കത്തിയെരിഞ്ഞിട്ടും നരേന്ദ്ര മോദിയെന്ന വിശ്വ ഗുരുവിന് മണിപ്പൂരിൽ പോകാതിരിക്കാനാവുക എങ്ങനെയാണ്?

നോർത്ത് ഇന്ത്യയിൽ സഭാവസ്ത്രം അണിഞ്ഞ് പുറത്തിറങ്ങാൻ തന്നെ കന്യാസ്ത്രീകൾക്ക് ഭയമാണ് എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്കൂളുകളിൽ പഠിപ്പിക്കാൻ എത്തുന്ന കന്യാസ്ത്രീകളെ സഭാവസ്ത്രം ധരിച്ച് സ്കൂളിൽ എത്തരുതെന്ന് ഭീഷണി മുഴക്കുന്നത് പതിവാണ്. ഈസ്റ്ററും ക്രിസ്മസും ആഘോഷിക്കാൻ പലരുടേയും അനുവാദം വാങ്ങേണ്ടി വരുന്നു. ബൈബിളിനും കുരിശിനുമൊക്കെ ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പരോക്ഷമായി വിലക്കുള്ളതുപോലെയാണ് . വർഗീയ കോമരങ്ങൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ എടുത്തു കാണിക്കണം. വർഗീയ നീരാളികളുടെ ഇരകളാകാതെ ജീവിക്കാനായി ക്ലേശിക്കുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങ ളും ഇന്ത്യയിലെ സ്ഥിരം കാഴ്ചയാണ്. രാജ്യം ഭരിക്കുന്ന ബിജെ പിയുടെ അനുഗ്രഹ ആശിസുകളോടെ നടക്കുന്ന ഇത്തരം അടിച്ചമർത്തലുകൾക്ക് ക്രിസ്ത്യൻ നാമധാരികളായ ചില ദല്ലാളുമാരും കൂട്ടു നിൽക്കുന്നു എന്നതും സങ്കടകരമായ സംഗതിയാണ്.

ബിജെപിയുടെ മേശക്കു താഴെ വീഴുന്ന ചില അപ്പക്കഷ്ണങ്ങൾ കൊണ്ട് സംത്യപ്തരാകുന്ന ചില ന്യൂനപക്ഷക്കാർ തന്നെ ബിജെപിക്ക് ഓശാനപാടുന്ന കാഴ്ച കേരളത്തിൽ കാണാനാവുന്നുണ്ട്. മാതാവിനു സ്വർണ കിരീടം കൊണ്ടു വച്ചും ക്രിസ്മസിന് വീടു തോറും കേക്ക് കൊണ്ടു കൊടുത്തും കേരളത്തിൽ സീറ്റുകൾ ഉറപ്പിക്കാമെന്നാണ് ബിജെപി വിശ്വാസം. സുരേഷ് ഗോപിയിലൂടെ അവർ അത് തെളിയിച്ചു കഴിഞ്ഞു. പക്ഷേ കേരളത്തിൽ ബിജെപി ഒഴുക്കുന്ന തേനും പാലും ഒരു കൊടും കെണിയാണ്, ഇരട്ടത്താപ്പാണ് എന്ന് ഇവിടുത്തെ ക്രൈസ്തവ സമൂഹം മറന്നു പോകരുത്. അവർ നിങ്ങളെ തേടി വരിക തന്നെ ചെയ്യും. നിങ്ങൾക്കും വഴി നടക്കാൻ പറ്റാത്ത ഒരു കാലം ഉണ്ടായേക്കാം.

Editorial on Nuns Arrest at Chhattisgarh

More Stories from this section

family-dental
witywide