പരിശ്രമങ്ങൾക്ക് ഫലം കാണുന്നു; അന്‍റാർട്ടിക്ക് ഓസോൺ പാളിയിലെ വിള്ളൽ അടയുന്നുവെന്ന് നാസ

വാഷിംഗ്‌ടണ്‍: അന്‍റാർട്ടിക്ക് ഓസോൺ പാളിയിലെ വിള്ളൽ അടയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അന്‍റാർട്ടിക്ക് ഓസോൺ ദ്വാരം 1992-ന് ശേഷമുള്ള അഞ്ചാമത്തെ ചെറിയ ദ്വാരമാണ് 2025-ൽ എന്നാണ് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷനും (NOAA) പറയുന്നത്.

ഓസോൺ പാളിയിലെ ദ്വാരം പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ വലുപ്പത്തിലേക്ക് എത്തുന്നുവെന്നും സെപ്റ്റംബർ 9-ന് വാർഷിക പരമാവധി വിസ്‌തീർണ്ണം 8.83 ദശലക്ഷം ചതുരശ്ര മൈലിൽ എത്തിയെന്നും നാസയിലെയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‍മിനിസ്ട്രേഷനിലെയും (NOAA) ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഓസോണിനെ നശിപ്പിക്കുന്ന രാസവസ്‍തുക്കൾ നിരോധിച്ച അന്താരാഷ്ട്ര കരാറായ മോൺട്രിയൽ പ്രോട്ടോക്കോൾ കാരണം ഓസോൺ പാളിയിലെ ഈ വിള്ളൽ ക്രമേണ ഭേദപ്പെടുന്നുണ്ടെന്ന് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‍മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രവണത തുടർന്നാൽ, ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഓസോൺ പാളി പൂർണ്ണമായും വീണ്ടെടുക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ഈ വർഷം സെപ്റ്റംബർ ഏഴിനും ഒക്‌ടോബര്‍ 13-നും ഇടയിലുള്ള സീസണിൽ, ഓസോണ്‍ ദ്വാരത്തിന്‍റെ ശരാശരി വലിപ്പം 7.23 ദശലക്ഷം ചതുരശ്ര മൈൽ ആയിരുന്നു. ഓസോൺ ദ്വാരം ഏറ്റവും വലുതായതും ശോഷണ സീസണിന് ശേഷം അത് ചുരുങ്ങാൻ തുടങ്ങുന്നതുമായ സമയമാണിത്. ഭൂമിയെ ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ വീണ്ടെടുക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിന്‍റെ ഒരു നല്ല സൂചനയാണ് വിള്ളലിന്‍റെ വലിപ്പത്തിലുള്ള കുറവെന്നും ഗവേഷകർ പറയുന്നു.

2000-ൽ അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയതിനുശേഷം, അന്‍റാർട്ടിക്ക് സ്ട്രാറ്റോസ്‌ഫിയറിലെ ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ അളവ് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞു എന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷൻ ഗ്ലോബൽ മോണിറ്ററിംഗ് ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ മോണ്ട്സ്‍ക പറഞ്ഞു.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏഴ് മുതൽ 31 മൈൽ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓസോൺ പാളി, അപകടകരമായ യുവി രശ്മികൾ ഫിൽട്ടർ ചെയ്‌തുകൊണ്ട് ഗ്രഹത്തിലെ ജീവൻ സംരക്ഷിക്കുന്നു. എയറോസോൾ സ്പ്രേകൾ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്ലോറിൻ, ബ്രോമിൻ എന്നിവ അടങ്ങിയ മനുഷ്യനിർമിത സംയുക്തങ്ങൾ സ്ട്രാറ്റോസ്‍ഫിയറിലേക്ക് ഉയരുമ്പോഴാണ് ഓസോൺ ശോഷണം കൂടുതലായി സംഭവിക്കുന്നത്.

Efforts are paying off; NASA says Antarctic ozone hole is closing

More Stories from this section

family-dental
witywide