ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ ശ്രമം തുടരുന്നു; സംഘത്തില്‍ യുഎസില്‍ നിന്നുള്ളവരും

തിരുവനന്തപുരം: അടിയന്തര ലാന്‍ഡിംഗ് നടത്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം ശ്രമം തുടരുന്നു. എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ 24 ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരോടൊപ്പം വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും. വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്.