എണ്‍പതിനായിരം രൂപയുടെ നോട്ടുകള്‍ ‘മഴയായി പെയ്തിറങ്ങി’; കുരങ്ങന്‍ ഒപ്പിച്ച പണിയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

തൊപ്പിക്കച്ചവടക്കാരന്റേയും കുരങ്ങന്റേയും കഥ കേട്ട് പരിചയമുള്ളവര്‍ക്ക് ഇതാ കുരങ്ങന്‍ ഒപ്പിച്ച ഒരു റിയല്‍ ലൈഫ് സ്റ്റോറി ! ഈ യഥാര്‍ത്ഥ സംഭവത്തില്‍ കുരങ്ങന്‍ പൊക്കിയത് 80,000 രൂപയുണ്ടായിരുന്ന ഒരു ബാഗായിരുന്നു. ബാഗിലുള്ള നോട്ടുകള്‍ മുഴുവന്‍ വാരി വിതറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. ദൊണ്ടാപൂര്‍ ഗ്രാമവാസിയായ അനുജ് കുമാര്‍ തന്റെ പിതാവ് രോഹിതാഷ് ചന്ദ്രയ്ക്കൊപ്പം ഭൂമി രജിസ്‌ട്രേഷനായി എത്തിയതായിരുന്നു. ഇതിനായി ബൈക്കിന്റെ ഡിക്കിയില്‍ ഇദ്ദേഹം പണവും സൂക്ഷിച്ചിരുന്നു. രോഹിതാഷ് തന്റെ അഭിഭാഷകനോടൊപ്പം ചില രേഖകള്‍ തയ്യാറാക്കുന്നതിനിടയില്‍, എല്ലാവരുടേയും കണ്ണുവെട്ടിച്ച് കുരങ്ങന്‍ പണം കൈക്കലാക്കുകയായിരുന്നു. പിന്നാലെയാണ് മരത്തില്‍ക്കയറി ‘പണ മഴ പെയ്യിച്ചത്’. കുരങ്ങന്‍ കറന്‍സി കീറി വലിച്ചെറിയാന്‍ തുടങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നോട്ടുകള്‍ എടുക്കാന്‍ ആളുകള്‍ ഓടുന്നതായി വൈറല്‍ വീഡിയോയില്‍ കാണാം.

രോഹിതാഷും നോട്ടുകള്‍ വാരിക്കൂട്ടിയെങ്കിലും 52,000 രൂപ മാത്രമേ ലഭിച്ചുള്ളൂ. ബാക്കി 28,000 രൂപ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ തട്ടിയെടുക്കുകയോ കുരങ്ങുകള്‍ വലിച്ചുകീറി നശിപ്പിക്കുകയോ ചെയ്തതായാണ് വിവരം.

അതേസമയം, പ്രദേശത്ത് കുരങ്ങുകളുടെശല്യം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിയില്ലെന്നും അവര്‍ പരാതി പറയുന്നു. കുരങ്ങുകള്‍ തങ്ങളെ ആക്രമിക്കുകയും സാധനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുമെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.

More Stories from this section

family-dental
witywide