ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും നേർക്കുനേർ ഏറ്റുമുട്ടുന്നു. രാഹുൽ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണമെന്നും രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും ഇലക്ഷൻ കമ്മീഷൻ. ബീഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പരിഹസിച്ചു.
ഇന്ന് പുറത്തു വിട്ട വീഡിയോയിലും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ആരോപിച്ചിരുന്നു. വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയിൽ രാഹുൽ പറയുന്നുണ്ട്. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? വീഡിയൊ ദൃശ്യം നൽകാത്തത് എന്ത്? തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? ബിജെപിയുടെ ഏജൻ്റ് ആയി പ്രവർത്തിക്കുന്നത് എന്തിന്? എന്നീ 5 ചോദ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ വോട്ടർ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തുവെന്നും മഹാരാഷ്ട്ര, ബീഹാർ, ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റിൽ പട്ടിക തുറക്കാനാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.













