തിരുവനന്തപുരം: ദേശീയതലത്തില്‍ ജെഡി(എസ്) ബിജെപിയുടെ ഭാഗമായതോടെ പ്രതിസന്ധിയിലായ ജനതാദള്‍(എസ്) ന് ഒടുവിൽ പരിഹാരം. ജനതാദള്‍(എസ്)ന് ലയിക്കാന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്‌ജെഡി) എന്ന പുതിയ പാര്‍ട്ടിക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരി 10ന് കൊച്ചിയില്‍ വെച്ച് ജെഡി(എസ്) കേരളഘടകം ഐഎസ്‌ജെഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകും. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.
ദേശീയതലത്തില്‍ എച്ച് ഡി ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ജെഡി(എസ്) ബിജെപിയുടെ ഭാഗമായതോടെ കേരളത്തിൽ മറ്റ് പാര്‍ട്ടിയിലേക്ക് പോകാനും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ബിജെപിക്കൊപ്പം ചേര്‍ന്ന സമയത്ത് കേരള നേതാക്കള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ചിരുന്നെങ്കിലും മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യാത്തതിനാല്‍ സാങ്കേതികമായി ബിജെപി മുന്നണിയിലുള്ള ജനതാദളിന്റെ ഭാഗമാണ് മന്ത്രി കെ ക്യഷണന്‍കുട്ടി അടക്കമുള്ളവര്‍. അത് മറികടക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം
. പുതിയ പാര്‍ട്ടി രൂപീകരിച്ച് ലയിക്കാന്‍ തീരുമാനിച്ചതിന് പോലെ ഇതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിക്ക് അനുമതി നല്‍കിയത്. അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ജെഡിഎസ് ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ അടയാളത്തിലായിരുന്നു കേരളത്തിലെ പാർട്ടി സ്ഥാനാർത്ഥികള്‍ മത്സരിച്ചത്. എന്നാൽ ഇനി ജെഡി(എസ്)പുതിയ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. പുതിയ ചിഹ്നം ചക്രമാകുമെന്നാണ് റിപ്പോർട്ടുകൾ.
Election Commission approves Indian Socialist Janata Dal(ISJD) which formed to merge with Janata Dal (S)











