
ഡൽഹി: ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് കുരുക്കാകുകയാണ് കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവന. പ്രസ്താവനക്കെതിരെ ബി ജെ പി പരാതി നൽകിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ, കെജ്രിവാളിന് നോട്ടീസ് നൽകി. കുടിവെളളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ തെളിവ് നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ പറയുന്നത്. ബുധനാഴ്ച രാത്രി 8 മണിക്കകം നോട്ടീസിന് മറുപടി നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പരം സ്പർദ്ധ വളർത്താൻ സാധ്യതയുള്ളതാണ് കെജ്രിവാളിന്‍റെ ആരോപണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തെളിവ് നൽകിയില്ലെങ്കിൽ എ എ പി ദേശീയ കൺവീനർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
നേരത്തെ കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ചു.














