ആറിടത്ത് എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ; ബംഗാളിനും കേരളത്തിനും ഇളവില്ല, യുപിക്ക് 15 ദിവസം അധിക സമയം

ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണം (എസ്ഐആർ) നടപടികൾക്കുള്ള സമയപരിധി അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇളവ് അനുവദിച്ചത്. ഉത്തർപ്രദേശിന് ഏറ്റവും കൂടുതൽ സമയം ലഭിച്ചപ്പോൾ പശ്ചിമ ബംഗാളിന്റെ ആവശ്യം കമ്മിഷൻ തള്ളി. ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) സമ്മർദ്ദവും ആത്മഹത്യാ ശ്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികളും പരിഗണിച്ചാണ് നടപടി. കേരളത്തിൽ നേരത്തെ തന്നെ സമയപരിധി നീട്ടിയിരുന്നു.

തമിഴ്നാട്ടിലും ഗുജറാത്തിലും ഫോം സമർപ്പണം ഡിസംബർ 14 വരെയാക്കി നീട്ടി കരട് പട്ടിക ഡിസംബർ 19ന് പ്രസിദ്ധീകരിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെ സമയമുണ്ട്; കരട് പട്ടിക 23ന്. ഉത്തർപ്രദേശിന് ഡിസംബർ 26 വരെ ഇളവ് നൽകി കരട് പട്ടിക ഡിസംബർ 31ന് ഇറക്കും. പശ്ചിമ ബംഗാൾ, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡിസംബർ 11ന് തന്നെ നടപടികൾ അവസാനിപ്പിച്ച് കരട് പട്ടിക 16ന് പ്രസിദ്ധീകരിക്കും.

എസ്ഐആർ പ്രക്രിയയിൽ ബംഗാളിൽ നിന്ന് ഏകദേശം 55 ലക്ഷം പേരുടെ പേര് ഒഴിവാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യോഗ്യരായ വോട്ടർമാരെ ഒഴിവാക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. പുതിയ വോട്ടർമാർക്ക് ഫോം 6 സമർപ്പിച്ച് പട്ടികയിൽ ഇടം നേടാമെന്നും കമ്മിഷൻ ഓർമിപ്പിച്ചു. 2026ലെ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ഈ പരിഷ്കരണം കൂടുതൽ കൃത്യത ഉറപ്പാക്കുമെന്നാണ് കമ്മിഷന്റെ വാദം.

More Stories from this section

family-dental
witywide