
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചു. വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.
സംഭവം പുറത്തായതിങ്ങനെ
പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ലന്ന് രാഹുൽ ആരോപിച്ചു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നവരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുല്‍ തെളിവായി വോട്ട് നഷ്ടപ്പെട്ടവരെ മാധ്യമങ്ങള്‍ക്കുമുന്നിലെത്തിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകള്‍ നീക്കി. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷന്‍ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും കോൺഗ്രസിന് വോട്ടുചെയ്യുന്നവരെയാണ് ഇത്തരത്തരത്തിൽ നീക്കിയതെന്നും രാഹുൽ പറയുന്നു. ഓട്ടോമാറ്റിക് സോഫ്റ്റ്വെയർ വോട്ടു കൊള്ളയ്ക്കായി പ്രവർത്തിക്കുകയാണ്. പട്ടികയിൽ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷകനായി കാണിക്കുന്നത് ഓരോ ബൂത്തിലെയും ആദ്യത്തെ വോട്ടറുടെ പേരാണ്. ഇത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നു വ്യക്തമാണ്.
കർണാടകയിലെ ആലന്ദിൽ ഒരാൾ 6,018 വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ യാദൃശ്ചികമായി പിടിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതെങ്ങനെയെന്നു വെച്ചാൽ, “ബൂത്ത് ലെവൽ ഓഫീസർക്ക് തന്റെ അമ്മാവന്റെ വോട്ട് ഇല്ലാതാക്കിയതായി മനസിലായി, അയൽക്കാരനാണ് അത് ഇല്ലാതാക്കിയതെന്നും അവർ കണ്ടെത്തി. അവർ അയൽക്കാരനോട് അക്കാര്യം ചോദിച്ചു. എന്നാൽ അയാൾ അതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. വോട്ട് ഇല്ലാതാക്കിയ വ്യക്തിക്കോ വോട്ട് ഇല്ലാതായ വ്യക്തിക്കോ ഒന്നും അറിയില്ല എന്നതാണ് ഈ തട്ടിപ്പിൻറെ പ്രത്യേകത എന്നും രാഹുൽ പറഞ്ഞു.