
2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ നാളെ വൈകീട്ട് മൂന്ന് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തുന്നു. നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടക്കുന്ന വാർത്ത സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ്‌കുമാർ ഉൾപ്പെടെ പങ്കെടുക്കും.
നാളെ ബീഹാറിൽ നിന്ന് വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തിൽ ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. രാഹുലിന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാര്യമായ വിശദീകരണം നൽകിയിരുന്നില്ല. വോട്ട് അധികാർ യാത്ര കൂടാതെ സെപ്റ്റംബർ ഒന്നിന് പട്‌നയിൽ ഇന്ത്യാസഖ്യം മെഗാ വോട്ടർ അധികാർ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. 15 ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ യാത്രയായ ഇതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ് എന്നിവർക്കൊപ്പം ഇന്ത്യ മുന്നണിയിലെ നേതാക്കളും യാത്രയിൽ രാഹുലിനൊപ്പം അണിനിരക്കും.