
കാഠ്മണ്ഠു: നേപ്പാളില്‍ വരുന്ന മാര്‍ച്ച് അഞ്ചിന് പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമ നിരോധനവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെന്‍ സി പ്രതിഷേധങ്ങളില്‍ 51 പേര്‍ കൊല്ലപ്പെടുകയും 1,300 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാജ്യം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ”ആറ് മാസത്തിനുള്ളില്‍ പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ കൂടുതല്‍ പുരോഗമിച്ച ജനാധിപത്യത്തിന്റെ പാതയിലേക്ക് മുന്നേറാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും, ഈ ലഭിച്ച അവസരം വളരെ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തി ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനും മാര്‍ച്ച് 5 ന് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും എല്ലാ പാര്‍ട്ടികളോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു,”പൗഡല്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യം ഇപ്പോള്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. പൊതുഗതാഗതം പുനരാരംഭിച്ചു, കാഠ്മണ്ഡുവില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു. സുശീല കാര്‍ക്കി ശനിയാഴ്ച സിവില്‍ ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റ ജെന്‍ സി പ്രതിഷേധക്കാരെ സന്ദര്‍ശിച്ചു. പ്രകടനങ്ങളില്‍ 51 പേര്‍ മരിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം സ്ഥിരീകരിച്ചു, ഇതില്‍ 30 പേര്‍ വെടിയേറ്റും 21 പേര്‍ പൊള്ളലേറ്റും മറ്റ് കാരണങ്ങളാലുമാണ് മരിച്ചത്.
മരിച്ചവരില്‍ ഒരു ഇന്ത്യന്‍ പൗരനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് നേപ്പാള്‍ പൊലീസ് സഹ വക്താവ് രമേശ് താപ്പ പറഞ്ഞു.
അതേസമയം, നേപ്പാളി കോണ്‍ഗ്രസ് എംപി അഭിഷേക് പ്രതാപ് ഷാ, ന്യൂ ബനേഷ്വര്‍ പൊലീസ് സ്റ്റേഷനില്‍ മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.