
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടു കടുത്തതോടെ അധിക വൈദ്യുതി ഉപയോഗവും ഉണ്ടാകുന്നു. ഇതിനിടെ വരുന്ന ഏപ്രില്‍ മാസം മുതല്‍ വൈദ്യുതി ചാര്‍ജ് കൂടുമെന്ന് കെ.എസ്.ഇബി. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. 2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധനവുണ്ടാകുക. മാത്രമല്ല, ഫിക്‌സഡ് ചാര്‍ജും 5 മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച് ഇന്ധനസര്‍ചാര്‍ജും ഈടാക്കും.
വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ധനവാണ് വരാനിരിക്കുന്നത്.