
കൊല്ലം : കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അതേസമയം കെ.എസ്.ഇ.ബിക്കും വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.
സ്‌കൂളില്‍ അനുമതിയില്ലാതെ ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത്? കുട്ടിക്ക് കയറാന്‍ സൗകര്യമൊരുക്കിയത് ആരാണെന്നും സ്‌കൂളിനെതിരെ മന്ത്രി വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ തന്നെ ലൈന്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, ഇത്തരം അപകടകരമായ വൈദ്യുത ലൈന്‍ മാറ്റാന്‍ കഴിയാത്തത് ജനങ്ങളുടെ എതിര്‍പ്പ് കാരണമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നു. സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്ന് പറയാന്‍ പറ്റില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പറഞ്ഞ മന്ത്രി കവര്‍ കണ്ടക്ടറുള്ള വയറിടുന്നത് വലിയ ചിലവാണെന്നും പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്. ബാലവകാശ കമ്മീഷന്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തും. കെഎസ്യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകള്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.