എട്ട് വര്‍ഷത്തിനിടെ ആനകളുടെ എണ്ണത്തില്‍ 25% കുറവ്; ഞെട്ടിച്ച് ഡിഎന്‍എ സെന്‍സസ് റിപ്പോര്‍ട്ട്

കഴിഞ്ഞ എട്ടുവർഷത്തിനിടെ രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തിൽ ഏകദേശം 25 ശതമാനത്തിൻ്റെ കുറവുണ്ടായതായി രാജ്യവ്യാപകമായ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സെന്‍സസ് റിപ്പോര്‍ട്ട്. വനങ്ങൾ കുറയുന്നതും മനുഷ്യരുമായുള്ള സംഘർഷം വർദ്ധിക്കുന്നതും ഉൾപ്പെടെയുള്ള ഭീഷണികളിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ഇന്ത്യയിലെ ആനകളുടെ അവസ്ഥ: ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ആനകളുടെ അഖിലേന്ത്യാ കണക്കെടുപ്പ് (SAIEE 2021-25) എന്ന റിപ്പോർട്ട്, ഇന്ത്യയിലുടനീളം 22,446 ആനകളുണ്ടെന്ന് കണക്കാക്കുന്നു. 2017 ൽ ഇത് 29,964 ആയിരുന്നു.

വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ഈ കണക്കെടുപ്പിൽ, പഴയ എണ്ണൽ രീതികളിൽ നിന്ന് കൂടുതൽ ശാസ്ത്രീയമായി ഡിഎൻഎ ഫിംഗർപ്രിന്റിംഗും മാർക്ക്-റീക്യാപ്ചർ മോഡലും ഉപയോഗിച്ചുള്ളതായിരുന്നു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി 1992 ൽ ആരംഭിച്ച പ്രോജക്റ്റ് എലിഫൻ്റിൻ്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. ഡിഎൻഎ വഴിയുള്ള കണക്കെടുപ്പ് കൂടുതൽ കൃത്യത നൽകാൻ അനുവദിക്കും.

ലോകത്തിലെ ആദ്യത്തെ സമഗ്രമായ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ആനകളുടെ എണ്ണൽ പഠനമാണിതെന്ന് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ WII ശാസ്ത്രജ്ഞൻ ഖമർ ഖുറേഷി പറഞ്ഞു. പഴയ കണക്കുകളുമായി നേരിട്ട് താരതമ്യം ചെയ്യുന്നതിനുപകരം ഈ കണക്കുകൾ ഒരു പുതിയ ശാസ്ത്രീയ അടിസ്ഥാനമായി കണക്കാക്കണമെന്ന് WII ഡയറക്ടർ ജി.എസ്. ഭരദ്വാജ് പറഞ്ഞു.

സംസ്ഥാനാടിസ്ഥാനത്തിൽ കേരളത്തിന് നാലാം സ്ഥാനം

2023-2025 ലെ ആന സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനങ്ങളിൽ 6,049 ആനകളുമായി കർണാടകയാണ് മുന്നിൽ. 5,719 ആനകളുമായി അസം രണ്ടാമതും, 3,170 ആനകളുമായി തമിഴ്‌നാട് മൂന്നാമതും, 1,793 ആനകളുമായി കേരളം നാലാമതുമാണ്. ഉത്തരാഖണ്ഡ് (1,792), ഒഡീഷ (912) എന്നിവയും പിന്നിലുണ്ട്. റിപ്പോർട്ട് പ്രകാരം 11,934 ആനകളുമായി പശ്ചിമഘട്ടം ആനകളുടെ ശക്തികേന്ദ്രമായി തുടരുന്നു, തൊട്ടുപിന്നിൽ വടക്കുകിഴക്കൻ കുന്നുകളും ബ്രഹ്മപുത്ര വനപ്രദേശങ്ങളുമുണ്ട്.

Elephant population declines by 25% in eight years; DNA census report

More Stories from this section

family-dental
witywide