
ഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‌ല ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ഭൂമി തേടിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വന്നത്. അതിന് പിന്നാലെയാണ് രാജ്യത്ത് പ്രവർത്തനം തുടങ്ങാനുള്ള നീക്കങ്ങൾ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ആരംഭിച്ചു കഴിഞ്ഞുവെന്ന വിവരങ്ങൾ കൂടെ പുറത്ത് വരുന്നത്.
കമ്പനി ഇതിനായി സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്.ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയിൽ പ്ലാന്റിന് വേണ്ടി സ്ഥലം കണ്ടെത്താനാണ് ടെസ്‍ല ശ്രമിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ് ടെസ്‌ല. ഇലോൺ മസ്‌ക് യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടതിന് പിന്നാലെയാണ് ടെസ്‌ലയുടെ വരവിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്.മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയെ പ്രധാന ഇടമായി ടെസ്‌ല കാണുന്നതും.
അതിനിടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ താരിഫ് ഉൾപ്പെടെയുള്ള ഇളവുകൾ മസ്‌ക് തേടിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.