റോയിട്ടേഴ്സിന്‍റെയടക്കം 2355 അക്കൗണ്ടുകൾ ഒരു മണിക്കൂറിൽ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി മസ്കിന്‍റെ എക്സ്

ന്യൂയോർക്ക്: റോയിട്ടേഴ്‌സിന്‍റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടുവെന്ന് എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ആരോപിച്ചു. 2025 ജൂലൈ 3 ന് ഇന്റർനെറ്റ് നിയന്ത്രണ നിയമമായ ഐടി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം ഈ നിർദേശം ലഭിച്ചതായി എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് അക്കൗണ്ട് വെളിപ്പെടുത്തി. ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും വിശദീകരണമില്ലാതെ അക്കൗണ്ടുകൾ തടയണമെന്നും ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും എക്സ് വ്യക്തമാക്കി. എന്നാൽ, ഈ ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു, ജൂലൈ 3-ന് പുതിയ ബ്ലോക്കിംഗ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ജൂലൈ 5-ന് റോയിട്ടേഴ്‌സിന്റെ @Reuters, @ReutersWorld എന്നീ അക്കൗണ്ടുകൾ ഇന്ത്യയിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ‘നിയമപരമായ ആവശ്യപ്രകാരം’ എന്ന സന്ദേശത്തോടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്. എന്നാൽ വിമർശനം ശക്തമായതിന് പിന്നാലെ ജൂലൈ 6 ന് രാത്രി 9 മണിക്ക് ശേഷം ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടു.

അതേസമയം എക്സിന്‍റെ ആരോപണങ്ങൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തി. റോയിട്ടേഴ്സിന്റെ അക്കൗണ്ടുകൾ ബ്ലോക്കായത് ശ്രദ്ധയിൽപെട്ടയുടൻ അൺബ്ലോക്ക് ചെയ്യാൻ എക്സിന് നിർദേശം നൽകിയതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ജൂലൈ മൂന്നിന് സർക്കാർ പുതുതായി അക്കൗണ്ടുകളൊന്നും ബ്ലോക്ക് ചെയ്യാൻ ഉത്തരവിറക്കിയിട്ടില്ലെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ വക്താവ് വിശദീകരിച്ചു.

More Stories from this section

family-dental
witywide