ന്യൂ യോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്ന യു എസ് പ്രസിഡന്റിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സർക്കാർ കരാറുകള്‍ റദ്ദാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനക്ക് അതേ നാണയത്തിലാണ് മസ്ക് മറുപടി നൽകിയിരിക്കുന്നത്. കരാറും സബ്‌സിഡികളും റദാക്കിയാൽ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം തരില്ലെന്നാണ് മസ്കിന്റെ തിരിച്ചടി. സർക്കാർ നീക്കം ഉണ്ടായാൽ ഡ്രാഗണ്‍ ക്രൂ പേടകം ഉടൻ തന്നെ ഡീ കമ്മീഷൻ ചെയ്യാൻ ആരംഭിക്കുമെന്നും മസ്ക് വ്യക്തമാക്കി.
‘നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള എളുപ്പവഴി ഇലോണിന്റെ സർക്കാർ സബ്സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡൻ അത് ചെയ്യാതിരുന്നതില്‍ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു.’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
അതിന് മറുപടിയായാണ് മസ്ക് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ സേവനം നിർത്തലാക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി യുഎസ് ഭരണകൂടം ആശ്രയിക്കുന്നത് സ്പേസ് എക്സിനെയാണ്. നാസയ്ക്ക് ഇപ്പോള്‍ സ്വന്തമായി ബഹിരാകാശ പേടകങ്ങളില്ല. സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചതിന് ശേഷം നാസ ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം സഞ്ചാരികളെ അയക്കുന്നതിനായി ആശ്രയിച്ചത് റഷ്യൻ പേടകങ്ങളെ ആയിരുന്നു. അതിന് അവസാനമിട്ടത് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം രംഗപ്രവേശം ചെയ്തതോടെയാണ്. ഇത് റദാക്കുമെന്ന വെല്ലുവിളിയുടെ ഫലം എന്താകുമെന്ന് കണ്ടറിയണം.














