
ന്യൂഡല്‍ഹി: ശതകോടീശ്വരനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനുമായ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.
ഈയിടെ, സെര്‍വോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോര്‍ഡംഗമായി അദ്ദേഹം നിയമിതനായിരുന്നു. ഈ കമ്പനിയുടെ ഭാഗമായുള്ള ഇന്ത്യാ സന്ദര്‍ശനത്തിലാണ് അദ്ദേഹമിപ്പോള്‍. സെര്‍വോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
ഹരിയാനയിലെ സഫിയാബാദിലുള്ള സെര്‍വോടെക്കിന്റെ സോളാര്‍, ഇവി ചാര്‍ജര്‍ നിര്‍മാണ യൂണിറ്റ് സന്ദര്‍ശിക്കുന്ന അദ്ദേഹം ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അയോധ്യയിലെ രാമക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണു വിവരം. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ എറള്‍ മസ്‌കിന്റെ പങ്കാളിത്തത്തില്‍ ഒരു പ്ലാന്റേഷന്‍ ഡ്രൈവും കമ്പനി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം എറള്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലേക്കു പോകും.










