പെരുന്നാൾ ദിനം സെക്രട്ടേറിയറ്റിന് മുന്നിൽ വൈകാരിക നിമിഷങ്ങൾ, മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാര്‍; മൈൻഡ് ആക്കാതെ സർക്കാർ

തിരുവനന്തപുരം: പെരുന്നാൾ ദിനം സെക്രട്ടേറിയറ്റിന് മുന്നിൽ വൈകാരിക സമരവുമായി ആശമാർ. തങ്ങളുടെ സമരം 50 ദിവസമെത്തിയതോടെയാണ് ആശമാർ വൈകാരിക സമരത്തിലേക്ക് കടന്നത്. തല മുണ്ഡനം ചെയ്തും മുടി ഭാഗികമായി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിയുകയും ചെയ്തു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കൽ സമരത്തിന്‍റെ ഭാഗമായി.

ഇക്കഴിഞ്ഞ 50 ദിവസത്തിനിടെ സമരത്തിന്‍റെ പല മുഖങ്ങൾ കണ്ടെങ്കിലും സർക്കാർ നിലപാടിന് മാറ്റമുണ്ടായില്ല. ഇതോടെയാണ് മുടിമുറിക്കലും തലമുണ്ഡനവും എന്ന തീരുമാനത്തിലേക്ക് അവർ എത്തിയത്. സർക്കാരിന് മുന്നിലേക്ക് അവർ കൂട്ടത്തോടെ മുടി മുറിച്ചെറിയുകയായിരുന്നു. സമരത്തിന് ഐക്യദാർഡ്യവുമായി എത്തിയവരും മുടി മുറിക്കൽ സമരത്തിന്‍റെ ഭാഗമായി.

സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാരുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും ഇവർ ഉന്നയിച്ച ആവശ്യങ്ങൾ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറുമെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നുമാണ് ആശമാരുടെ പ്രതീക്ഷ.

Also Read

More Stories from this section

family-dental
witywide