മാറ്റങ്ങള്‍ക്കു വിധേയനായി പുതിയ ‘എമ്പുരാന്‍’ വന്നു, കത്തിവെച്ചും മ്യൂട്ട് ചെയ്തും ആകെ 38 മാറ്റങ്ങള്‍

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ ‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം ആരംഭിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇന്നു ലോഡ് ചെയ്യും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ സീനുകളും പേര് ഉള്‍പ്പെടെ 24 മാറ്റങ്ങളുമാണുള്ളത്. ആകെ 38 ഇടങ്ങളിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ പേരിലെ മാറ്റം തന്നെ ചിത്രത്തില്‍ 14 ഇടങ്ങളിലുണ്ട്.

വര്‍ഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിലാണ് ദൃശ്യങ്ങളിലെ എഡിറ്റ് നടന്നിരിക്കുന്നത്. മുമ്പ് കൃത്യം കാലഘട്ടം പരാമര്‍ശിച്ചിരുന്നു. ഇത് മാറ്റി ‘കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്’ എന്നാക്കി. കലാപ ഭാഗത്തെ ഒരു കൊലപാതക ദൃശ്യവും പ്രധാന വില്ലന്‍ ഉള്‍പ്പെട്ട 2 ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്നങ്ങളുടെ പശ്ചാത്തലമുള്ള സീനുകളും ഒഴിവാക്കിയിട്ടുണ്ട്.

സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേരു മാറ്റി, ‘ബാബ ബജ്‌റംഗി’ എന്നത് ബല്‍രാജ് എന്നാക്കി. തുടക്കത്തിലെ നന്ദികാര്‍ഡില്‍നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും പേര് ഒഴിവാക്കിയിട്ടുമുണ്ട്. പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണവും മുറിച്ചുമാറ്റപ്പെട്ടു. അതേസമയം, കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയെക്കുറിച്ചു പറയുന്നിടത്ത് ശബ്ദം മ്യൂട്ട് ചെയ്തു. വാഹനത്തില്‍ എന്‍ഐഎയുടെ ബോര്‍ഡ് കാണിക്കുന്ന ദൃശ്യവും ഒഴിവാക്കിയവയില്‍ പെടുന്നു.

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. അവധിദിനമായിരുന്നിട്ടും ഞായറാഴ്ച റീഎഡിറ്റഡ് പതിപ്പ് കണ്ട് സെന്‍സര്‍ ബോര്‍ഡ് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. തിരുവനന്തപുരം ആര്‍ടെക് മാളില്‍ 11.25നുള്ള ഷോയില്‍ റീ എഡിറ്റ് ചെയ്ത പതിപ്പാണ് ഇന്നലെ രാത്രി പ്രദര്‍ശിപ്പിച്ചത്.

More Stories from this section

family-dental
witywide