
ഇന്ത്യക്ക് പുറത്ത് മിഡിൽ ഈസ്റ്റിലും യുഎസിലും അടക്കം വിദേശത്ത് വെന്നിക്കൊടി പാറിച്ച് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽക് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 22 കോടിയാണ്. നെറ്റ് കളക്ഷനാണ് ഇത്. ഇന്ത്യയിൽ നിന്ന് മികച്ച ഓപണിംഗ് നേടിയപ്പോൾ വിദേശ കളക്ഷനിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം. അണിയറപ്രവർത്തകരും അതത് മാർക്കറ്റുകളിലെ വിതരണക്കാരുടെയും കണക്കുകൾ അനുസരിച്ച് പല രാജ്യങ്ങളിലും ഇന്ത്യൻ സിനിമകളിലെ റെക്കോർഡ് കളക്ഷനാണ് എമ്പുരാൻ നേടിയിരിക്കുന്നത്. യുകെ, ന്യൂസിലൻഡ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഒരു ഇന്ത്യൻ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാൻ നേടിയിരിക്കുന്നത്.
വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്നാണ് യുകെയിൽ ചിത്രം റെക്കോർഡ് ഇട്ടിരിക്കുന്നത്. 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയിൽ നേടിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ആദ്യ ദിനം 2.45 മില്യൺ ഡോളർ ആണ് ചിത്രം നേടിയിരിക്കുന്നത്. അതിൽ ജിസിസിയിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 20.93 കോടി രൂപ നേടി. ഇന്ത്യൻ ചിത്രമെന്ന് മാത്രമല്ല, ഏത് ലോക ഭാഷാ ചിത്രങ്ങളിലെയും സിംഗിൾ ലാംഗ്വേജ് പതിപ്പ് നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം ഓസ്ട്രേലിയയിൽ നേടിയിരിക്കുന്നത്. യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ നിന്നായി 7 ലക്ഷം ഡോളർ ആണ് ആദ്യ ദിനം ചിത്രം നേടിയത്. ജർമനിയിൽ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ചിത്രം നേടിയത്. 1.37 ലക്ഷം യൂറോ ആണ് ജർമനിയിലെ കളക്ഷൻ. ജർമനിയിലെ ഇന്ത്യൻ റെക്കോർഡ് ഷാരൂഖ് ഖാൻ ചിത്രം ജവാന് ആണ്.
അങ്ങനെ വിദേശ രാജ്യങ്ങളിലെ ആകെ കളക്ഷൻ നോക്കിയാൽ ആദ്യ ദിനം 5 മില്യൺ ഡോളറിലധികമാണ് എമ്പുരാൻറെ കളക്ഷൻ. അതായത് 43.93 കോടി രൂപ വിദേശത്ത് നിന്ന് മാത്രം ചിത്രം നേടി. ഇന്ത്യയിലെ 22 കോടി (നെറ്റ്) കൂടി കൂട്ടുമ്പോൾ 65 കോടിക്ക് മുകളിലാണ് എമ്പുരാൻറെ ആദ്യ ദിന ആഗോള ഓപണിംഗ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഇത് എക്കാലത്തെയും റെക്കോർഡ് ആണ് എന്ന് മാത്രമല്ല. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ചിത്രത്തേക്കാൾ (മരക്കാർ അറബിക്കടലിൻറെ സിംഹം) മൂന്നിരട്ടി തുകയാണ് ചിത്രം ഓപണിംഗിൽ നേടിയിരിക്കുന്നത്.