
ആറ് മാസത്തിനിടെ ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്കിയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വാദം ഉന്നയിച്ചത്. ഗാസയിൽ ഹമാസിനെ നശിപ്പിക്കാതെ അവശേഷിച്ച ബന്ദികളെ മോചിപ്പിക്കാൻ മറ്റു വഴികളില്ലെന്നും, താൻ മധ്യസ്ഥ ചർച്ചകൾ നടത്തി ബന്ദികളെ അമേരിക്കയിലേക്കും ഇസ്രയേലിലേക്കും തിരികെ എത്തിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ തകർത്തതും തന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം ജൂണിലെ ഇറാൻ-ഇസ്രയേൽ സംഘർഷത്തെ പരാമർശിച്ച് പറഞ്ഞു.
ഗാസയിലെയും യുക്രയിനിലെയും യുദ്ധങ്ങൾ 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യ-യുക്രയിൻ വെടിനിർത്തലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ, അർമേനിയ-അസർബൈജാൻ നാഗോർണോ-കരബാക്ക് സംഘർഷം, തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം, സെർബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയിലെ സംഘർഷങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെടുന്നു. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് യുഎസ് മധ്യസ്ഥത വഹിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ സെലൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും കണ്ടതിന് പിന്നാലെ, പുടിനുമായുള്ള അലാസ്കയിലെ കൂടിക്കാഴ്ചയും ട്രംപ് ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസിന്റെ പ്രസ്താവന പ്രകാരം, ട്രംപിന്റെ ഇടപെടലുകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പഴയകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഈ രാജ്യങ്ങൾ ഈ അവകാശവാദങ്ങൾ പൂർണമായി അംഗീകരിച്ചിട്ടുണ്ടോ എന്നത് ചർച്ചയ്ക്ക് വിഷയമാണ്. പാകിസ്ഥാൻ ട്രംപിന്റെ ഇന്ത്യ-പാക് സംഘർഷ പരിഹാരത്തെ പിന്തുണച്ചതും അദ്ദേഹത്തിന് സമാധാന നോബൽ പുരസ്കാരത്തിന് പിന്തുണ നൽകിയതും വാർത്തകളിൽ ഇടംനേടിയിരുന്നു.