
സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വീഡിയോയിൽ ആരാധകരെ രസിപ്പിച്ച് ‘ഇംഗ്ലീഷ് യുദ്ധം’ തുടരുന്നു. കാലിക്കറ്റ് എഫ്‌സിയുടെ ഉടമയും നടനുമായ ബേസിൽ ജോസഫിനെ ‘ഞെട്ടിക്കാൻ’ തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരിയും എംപിയുമായ ഡോ. ശശി തരൂർ വലിയ വലിയ ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചതോടെയാണ് പ്രമോ വീഡിയോകൾ ശ്രദ്ധ നേടിത്തുടങ്ങിയത്. രണ്ടാമത്തെ പ്രമോ വീഡിയോയിൽ തരൂർ പ്രയോഗിച്ച ഇംഗ്ലിഷ് വാക്കുകളോട് പ്രതികാരം തീർക്കാനായി പൃഥ്വിരാജ് സുകുമാരന്‍റെ സഹായം തേടുന്ന ബേസിലാണ് മൂന്നാമത്തെ വീഡിയോയയുടെ ഹൈലൈറ്റ്.
“രാജുവേട്ടാ, ഫോൺ കട്ട് ചെയ്യരുത്!” എന്ന് പറഞ്ഞ് തുടങ്ങുന്ന ബേസിലിനെയാണ് പുതിയ വീഡിയോയിൽ കാണിക്കുന്നത്. ഫോണെടുക്കും മുന്നേ “ഇവനെക്കൊണ്ട് വലിയ ശല്യമായല്ലോ” എന്ന് പൃഥ്വിരാജ് പറയുന്നതും വീഡിയോയെ രസകരമാക്കുന്നു. കാലിക്കറ്റ് എഫ് സിയുടെ വീരത്വം പറയാനായി തിരുവനന്തപുരത്തേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് തരൂരാണെന്നും, തരൂർ ‘ഒന്നുരണ്ട് വൃത്തികേട്’ പറഞ്ഞെന്നും ബേസിൽ വിശദീകരിച്ചു. തരൂരിന് മറുപടി പറയാൻ രാജുവേട്ടനല്ലാതെ മറ്റാരുമില്ലെന്നും ബേസിൽ വിശദീകരിച്ചു. “ഒരു ഡിക്ഷണറി കയ്യിൽ വച്ച് വിളിക്കണം, അല്ലേൽ രാജുവേട്ടന് അതിന്റെ ആവശ്യമില്ലല്ലോ!” എന്ന് പറഞ്ഞ് ബേസിൽ ഫോൺ കട്ട് ചെയ്യുന്നതും വീഡിയോയെ രസകരമാക്കുന്നു. തരൂർ ഗുദാഹവ എന്ന് കൂടി ബേസിൽ പറയുന്നതും വീഡിയോയിൽ കാണാം. പൃഥ്വിരാജിന്റെ “ഇവൻ ഒരു പൊതു ശല്യമായല്ലോ” എന്ന പ്രതികരണത്തിന്‍റെ ചിരിയലയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഈ രസകരമായ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി, ഫുട്‌ബോൾ ഫാൻസിന് ആവേശം പകരുന്നു. രണ്ട് പ്രമുഖ താരങ്ങളും ശശി തരൂരും ചേർന്നുള്ള ഈ ‘കോമഡി ഷോ’ സൂപ്പർ ലീഗ് കേരളയെ കൂടുതൽ ജനപ്രിയമാക്കുകയാണ്. രണ്ടാം സീസൺ ഒക്ടോബർ 2 ന് ആരംഭിക്കും, ഉദ്ഘാടന മത്സരത്തിൽ ബേസിലിന്റെ കാലിക്കറ്റ് എഫ്‌സിയും പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്‌സിയും ഏറ്റുമുട്ടും. ഇപ്പോൾ ഫാൻസ് കാത്തിരിക്കുന്നത് മൈതാത്തിലെ ‘യുദ്ധം’ മാത്രമല്ല, അതിന്റെ പിന്നിലെ രസകരമായ ‘പ്രമോ’കളുമാണ്.