‘മതി, ഞങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനന്തരഫലം അനുഭവിക്കും’, താലിബാന് പാകിസ്ഥാന്റെ താക്കീത്

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാൻ പ്രദേശം തീവ്രവാദികൾ പാകിസ്ഥാനെതിരെ തുടർച്ചയായി ഉപയോഗിക്കുന്നത് തങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നുവെന്നും ഇനി ഇത്തരം പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറാക്‌സായി ജില്ലയിൽ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ഒരു ലെഫ്റ്റനന്റ് കേണലും മേജറും ഉൾപ്പെടെ 11 പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ പാകിസ്ഥാൻ കൈക്കൊള്ളുമെന്നും ആസിഫ് സൂചിപ്പിച്ചു.

“മതി, ഇനി ഞങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ഖ്വാജ ആസിഫ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് കാബൂൾ സന്ദർശന വേളയിൽ പാക് ഉദ്യോഗസ്ഥർ താലിബാനുമായി അതിർത്തി കടന്നുള്ള തീവ്രവാദ വിഷയം ചർച്ച ചെയ്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ടിടിപി തീവ്രവാദികളെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് മാറ്റാൻ താലിബാൻ സർക്കാർ 10 ബില്യൻ ആവശ്യപ്പെട്ടതായും ആസിഫ് ആരോപിച്ചു.

അഫ്ഗാൻ മണ്ണിൽ ഏകദേശം 7,000 തീവ്രവാദികൾ പാകിസ്ഥാനെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് ആസിഫ് അഫ്ഗാൻ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. ഈ തീവ്രവാദ ശൃംഖലകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ശക്തമായ സന്ദേശം നൽകാൻ ദിവസങ്ങൾക്കുള്ളിൽ ഒരു ഉന്നതതല പ്രതിനിധി സംഘത്തെ കാബൂളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പാക്-അഫ്ഗാൻ അതിർത്തിയിലെ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.

More Stories from this section

family-dental
witywide