
ലണ്ടന്‍: യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പറന്ന ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെതിരെ നടപടി കടുപ്പിച്ച് രാജകുടുംബം. ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് കൊട്ടാരത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് നടപടി തുടങ്ങിയെന്ന് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആന്‍ഡ്രുവിന്റെ ‘രാജകുമാരന്‍’ എന്ന പദവിയും എടുത്തുമാറ്റും. ഇതോടെ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നാകും ഇനി ഇദ്ദേഹം അറിയപ്പെടുക.
വെര്‍ജീനിയ ജിഫ്രെയുടെ ആരോപണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരായ ശക്തമായ പെണ്‍ ശബ്ദമായിരുന്നു വെര്‍ജീനിയ ജിഫ്രെ, എപ്സ്റ്റീന്റെ ഇരകളിലൊരാള്‍. താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകളുള്ള ഇവരുടെ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തനിക്ക് പതിനേഴു വയസുള്ളപ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇവര്‍ പുസ്തകത്തില്‍ കുറിച്ചിരുന്നു.
മുമ്പും ഇക്കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പുസ്തകത്തിലെ തുറന്നെഴുത്ത് കുറച്ചുകൂടി ആഴത്തിലാണ്. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന്ജിഫ്രെ കുറിച്ചു. 17 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനാണ് ആന്‍ഡ്രൂ. അന്തരിച്ച എലിസബത്ത്2 രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ഇദ്ദേഹം. ആന്‍ഡ്രൂ രാജകുമാരനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തേക്ക്
ആന്‍ഡ്രു 2003 മുതല്‍ റോയല്‍ ലോഡ്‌ജെന്നു പേരുള്ള 30 മുറി കെട്ടിടത്തിലാണ് കഴിയുന്നത്. ഇവിടെ നിന്നും ഒഴിയണമെന്നും അവിടെ കഴിയുന്നതിന് നല്‍കിയിരുന്ന പാട്ടക്കരാര്‍ കൊട്ടാരത്തില്‍ തിരികെ ഏല്‍പിക്കണമെന്നും കൊട്ടാരം ഇദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 2003ല്‍ 75 വര്‍ഷത്തേക്ക് റോയല്‍ ലോഡ്ജ് ആന്‍ഡ്രു പാട്ടത്തിനെടുത്തിരുന്നു. 10 ലക്ഷം പൗണ്ട് നല്‍കിയായിരുന്നു ഇത്. 2078 വരെ ഈ കരാറിന് കാലാവധിയുണ്ടെങ്കിലും വിവാദം ഉയര്‍ന്നതോടെ കരാര്‍ തിരികെ നല്‍കണമെന്ന് കൊട്ടാരം ആവശ്യപ്പെടുകയായിരുന്നു. തനിക്കുനേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ആന്‍ഡ്രു രാജകുമാരന്‍ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം വ്യക്തമാക്കി. ബക്കിങ്ങാം കൊട്ടാരത്തില്‍നിന്ന് സാന്‍ഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്കാകും ആന്‍ഡ്രു മാറുക എന്നാണ് റിപ്പോര്‍ട്ട്.
Epstein controversy, Andrew is no longer Prince, out of the palace














