വാഷിംഗ്ടൺ: മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാൻ ഇനിയും ‘കുറച്ച് ആഴ്ചകൾ’ വേണ്ടിവരുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് (DOJ) അറിയിച്ചു. ഒരു ദശലക്ഷത്തിലധികം പുതിയ രേഖകൾ കൂടി കണ്ടെത്തിയതിനെ തുടർന്നാണ് ഫയൽ റിലീസ് വൈകുന്നതെന്ന് വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുള്ളിൽ രേഖകൾ പുറത്തുവിടണമെന്ന കോൺഗ്രസിന്റെ നിർദേശമാണ് ഇതോടെ വീണ്ടും നീളുന്നത്.
സമയപരിധി പാലിക്കാത്തതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരു റിപ്പബ്ലിക്കനും 11 ഡെമോക്രാറ്റുകളും ഉൾപ്പെടുന്ന 12 സെനറ്റർമാർ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻസ്പെക്ടർ ജനറലിന് കത്തയച്ചതിന് പിന്നാലെയാണ് ഈ ക്രിസ്മസ് കാലത്ത് ജസ്റ്റിസ് ഡിപാർട്ട്മെൻ്റിൻ്റെ പുതിയ പ്രഖ്യാപനം. എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് പൂർണ വെളിപ്പെടുത്തൽ അർഹിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മാൻഹാറ്റനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരും FBIയും ചേർന്ന് എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ടിരിക്കാവുന്ന ഒരു ദശലക്ഷത്തിലധികം രേഖകൾ പുതുതായി കണ്ടെത്തിയതായി DOJ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞതിന് ശേഷമാണ് ഈ പുതിയ കണ്ടെത്തൽ.
മാർച്ചിൽ അറ്റോർണി ജനറൽ പാം ബോണ്ടി, എപ്‌സ്റ്റീൻ ഫയലുകൾ മുഴുവൻ കൈമാറാൻ FBIയ്ക്ക് നിർദേശം നൽകിയതിനെ തുടർന്ന് ‘ കൂടുതൽ തെളിവുകൾ’ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂലൈയിൽ FBIയും DOJയും നടത്തിയ ‘സമഗ്ര പരിശോധന’യിൽ ഇനി പുറത്തുവിടാനുള്ള അധിക തെളിവുകളില്ലെന്നായിരുന്നു സൂചന.
പുതുതായി കണ്ടെത്തിയ ഫയലുകൾ DOJയ്ക്ക് എപ്പോൾ ലഭിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എപ്‌സ്റ്റീനും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളി ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ 36 ലക്ഷം രേഖകൾ ഇതിനകം തന്നെ ലഭിച്ചതായി ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്‌പാരൻസി ആക്ട് അനുസരിച്ച്, ഇരകളുടെ പേരുകളും തിരിച്ചറിയൽ വിവരങ്ങളും നീക്കംചെയ്ത ശേഷമാണ് രേഖകൾ പുറത്തുവിടേണ്ടത്. ഇതിന് അഭിഭാഷകർ രാത്രിപകലില്ലാതെ പ്രവർത്തിക്കുകയാണെന്നും, കൂടുതൽ രേഖകൾ ഉള്ളതിനാൽ പ്രക്രിയയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും DOJ വ്യക്തമാക്കി. അതേസമയം, രേഖകൾ ഘട്ടംഘട്ടമായി പുറത്തുവിടുന്നതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.
‘ക്രിസ്മസ് കാലത്ത് ഒരു ദശലക്ഷം ഫയലുകൾ കൂടി കണ്ടെത്തിയെന്ന പ്രഖ്യാപനം എന്തോ മറയ്ക്കുന്നു എന്ന് വ്യക്തമാണ്. അവർ എന്താണ് മറയ്ക്കുന്നതും എന്തിനാണെന്നും അമേരിക്കക്കാർ അറിയണമെന്നും സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസ് DOJയുടെ നടപടികളെ സംരക്ഷിച്ചു. എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
Epstein files: Justice Department says it could take ‘weeks’ to release full documents











