
വാഷിംഗ്ടൺ: ലൈംഗിക വ്യവസായി ജെഫ്രി എപ്‌സ്റ്റീൻ തന്‍റെ മാര ലാഗോ റിസോർട്ടിലെ സ്പാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതികൾ ഉൾപ്പെടെ ചില ജീവനക്കാരെ സ്വന്തം ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്തുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എപ്‌സ്റ്റീനുമായുള്ള തന്റെ ബന്ധം തകർന്നതിന് കാരണം ലൈംഗിക ആരോപണങ്ങളല്ല, മറിച്ച് തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെ അനുചിതമായി റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് ട്രംപ് വിശദീകരിച്ചു.
എപ്‌സ്റ്റീനെതിരെ പ്രധാന ആരോപണങ്ങൾ ഉന്നയിച്ച വിർജീനിയ ഗിഫ്രെ, മാര ലാഗോയിൽ നിന്ന് എപ്‌സ്റ്റീൻ റിക്രൂട്ട് ചെയ്തവരിൽ ഒരാളായിരുന്നിരിക്കാമെന്ന് ട്രംപ് സൂചിപ്പിച്ചു. “എനിക്ക് അങ്ങനെ തോന്നുന്നു. അവൻ അവളെ എടുത്തു,” ട്രംപ് പറഞ്ഞു. “അവൾ സ്പായിൽ ജോലി ചെയ്തിരുന്നുവെന്നാണ് എന്റെ വിശ്വാസം. അവളും ആ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നുവെന്ന് തോന്നുന്നു.”- ട്രംപ് പറഞ്ഞു.
ഈ വർഷം ആദ്യം ഗിഫ്രെ ആത്മഹത്യ ചെയ്തിരുന്നു. 2000-ത്തിൽ, മാര-ലാഗോയിൽ സ്പാ അറ്റൻഡന്റായി ജോലി ചെയ്യവേ, കൗമാരക്കാരിയായിരുന്ന തന്നെ എപ്‌സ്റ്റീന്റെ മുൻ കാമുകിയും ജയിലിൽ അടയ്ക്കപ്പെട്ടവളുമായ ഗിസ്ലെയിൻ മാക്സ്വെൽ ശ്രദ്ധിച്ചു, എപ്‌സ്റ്റീന്റെ മസാജ് തെറാപ്പിസ്റ്റായി നിയമിച്ചുവെന്നും, ഇത് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചുവെന്നും ഗിഫ്രെ ആരോപിച്ചിരുന്നു.