പിന്നിൽ റഷ്യയോ? ലാൻഡിങ്ങിനിടെ ജിപിഎസ് തകരാറിലായി, യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തു

സോഫിയ: യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയന്റെ വിമാനം ബൾഗേറിയൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവേ ജിപിഎസ് തകരാർ മൂലം സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, വിമാനത്തിന്റെ നാവിഗേഷൻ സംവിധാനം പൂർണമായി തകരാറിലായതോടെ പൈലറ്റ് പരമ്പരാഗത ഭൂപടം ഉപയോഗിച്ചാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ഒരു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും വട്ടമിട്ട ശേഷമാണ് ഈ തീരുമാനം എടുത്തത്. റഷ്യൻ സൈബർ ആക്രമണമാണ് ജിപിഎസ് തകരാറിനു പിന്നിലെന്നാണ് സംശയം. എന്നാൽ റഷ്യൻ വക്താവ് ദിമിത്ര പെസ്കോവ് ആരോപണം തള്ളി. യൂറോപ്യൻ കമ്മിഷൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ജിപിഎസ് ജാമ്മിങ് വർധിക്കുന്നു

ബൾഗേറിയൻ എയർ ട്രാഫിക് സർവീസസ് അതോറിറ്റി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മുതൽ ജിപിഎസ് ജാമ്മിങ്, സ്പൂഫിങ് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ വർധിച്ചതായി അതോറിറ്റി വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് കടൽ മേഖലയിലും ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇത് വിമാനങ്ങൾ, ബോട്ടുകൾ, ജിപിഎസ് ആശ്രയിക്കുന്ന സാധാരണക്കാർ എന്നിവരെ ബാധിക്കുന്നുണ്ട്. പോളണ്ടിലെ വാർസോയിൽനിന്ന് യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇയു രാജ്യങ്ങളുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ബൾഗേറിയയിലേക്ക് എത്തിയതായിരുന്നു ഉർസുല.

More Stories from this section

family-dental
witywide