
കാനഡയിലേക്കും യുഎസിലേക്കും യുകെയിലേക്കുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് താരതമ്യേന കുറയുമ്പോഴും യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്രയില്‍ കാര്യമായ വളര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട്. മറുവശത്ത്, ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 80% ത്തോളം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
കാനഡയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 32% കുറവാണ് രേഖപ്പെടുത്തിയത്. പെര്‍മിറ്റുകള്‍ 2.78 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷമായി കുറഞ്ഞു, യുഎസിലും 34% കുറവ് രേഖപ്പെടുത്തി. 2023 നും 2024 നും ഇടയില്‍ എ1 വിസകള്‍ 1.31 ലക്ഷത്തില്‍ നിന്ന് 86,110 ആയി കുറഞ്ഞിട്ടുണ്ട്. ഇനി യുകെയിലെ കാര്യമെടുത്താല്‍ 26% കുറവ് രേഖപ്പെടുത്തി, ഇതേ കാലയളവില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ സ്‌പോണ്‍സര്‍ ചെയ്ത സ്റ്റുഡന്റ് വിസകള്‍ 1.20 ലക്ഷത്തില്‍ നിന്ന് 88,732 ആയി കുറഞ്ഞു.
വിദ്യാര്‍ത്ഥി പ്രവേശനത്തിന് പരിധി ഏര്‍പ്പെടുത്തിയതും ആശ്രിത വിസകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഉള്‍പ്പെടെയുള്ള കുടിയേറ്റ നടപടികള്‍ കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞത്.
2018-19-ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ വിദേശ സര്‍വകലാശാലകളില്‍ 56,255 വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തിയിരുന്നു. 24 ആയപ്പോഴേക്കും ഈ സംഖ്യ 90,000-ത്തിലധികമായി ഉയര്‍ന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 11.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.
‘വൈവിധ്യമാര്‍ന്ന പരിപാടികളും സാംസ്‌കാരികാനുഭവങ്ങളുടെ സമ്പന്നതയും ഉള്ളതിനാല്‍ യൂറോപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഒരു ഇടമാണ്. ഇന്ത്യയുമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷി ബന്ധം മികച്ചനിലയില്‍ മുന്നോട്ട് പോകുന്നതിനാല്‍, ജനങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും,’ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു.