ഇസ്രയേലിനെതിരെ ഉപരോധം വേണം, വ്യാപാരബന്ധങ്ങള്‍ ഭാഗികമായി മരവിപ്പിക്കണം; ആവശ്യവുമായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി : ഗാസയിലെ സൈനിക നടപടികള്‍ തുടരുന്നതിനാല്‍ തന്റെ ഇസ്രായേല്‍ അനുകൂല നിലപാട് ഉപേക്ഷിച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍. ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും വ്യാപാരബന്ധങ്ങള്‍ ഭാഗികമായി മരവിപ്പിക്കാനും ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടു. 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ പലസ്തീന്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണുള്ളത്.

ഉപരോധങ്ങളെയും വ്യാപാര നടപടികളെയും അംഗീകരിക്കുന്ന തീരുമാനം ഭൂരിപക്ഷം നേടി മുന്നോട്ടുപോകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എല്ലാ അംഗരാജ്യങ്ങളുടെയും അംഗീകാരം ആവശ്യമില്ലാത്ത യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഇസ്രായേലിന് നല്‍കുന്ന പിന്തുണ മരവിപ്പിക്കാന്‍ പദ്ധതിയിടുന്നതായും വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, അതിനാല്‍ ഈ നീക്കങ്ങള്‍ ഇസ്രായേലിനുള്ളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഏകദേശം 32 ദശലക്ഷം യൂറോ ($37,517 മില്യണ്‍) ഉഭയകക്ഷി ഫണ്ടുകള്‍ ഉടനടി നിര്‍ത്തിവയ്ക്കുമെന്ന് ഒരു കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലസ്തീന്‍ അതോറിറ്റിക്കും കമ്മീഷന്‍ പിന്തുണ നല്‍കുന്നുണ്ട്. ഗാസയിലെ സംഭവങ്ങളും കുട്ടികളുടെയും കുടുംബങ്ങളുടെയും കഷ്ടപ്പാടുകളും ലോക മനസ്സാക്ഷിയെ പിടിച്ചുലച്ചു എന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഗാസയിലെ രക്തച്ചൊരിച്ചില്‍ ആംസ്റ്റര്‍ഡാം മുതല്‍ ബാഴ്സലോണ വരെയുള്ള നിരവധി യൂറോപ്യന്‍ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

ഹമാസിന്റെ അവസാനത്തെ ശേഷിക്കുന്ന ശക്തികേന്ദ്രവും ലക്ഷക്കണക്കിന് ആളുകള്‍ ക്ഷാമത്തില്‍ കഴിയുന്നതുമായ ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇസ്രയേല്‍. അതിനു മുമ്പായി ഇസ്രായേല്‍ സൈന്യം ഗാസ സിറ്റി നിവാസികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് വോണ്‍ ഡെര്‍ ലെയ്‌ന്റെ പരാമര്‍ശങ്ങള്‍ വന്നത്.

‘മനുഷ്യനിര്‍മിത ക്ഷാമം ഒരിക്കലും യുദ്ധത്തിനുള്ള ആയുധമാകാന്‍ കഴിയില്ല. കുട്ടികള്‍ക്കുവേണ്ടി, മനുഷ്യത്വത്തിനുവേണ്ടി ഇത് അവസാനിപ്പിക്കണം,’ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കുന്നതിന് ഏകദേശം മൂന്നിലൊന്ന് നിയമസഭാംഗങ്ങള്‍ ചുവന്ന വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

More Stories from this section

family-dental
witywide