ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്കയെന്ന് ഫ്രാൻസ്

പാരിസ്: ഇറാന്‍റെ ആണവ പദ്ധതിയിൽ ഇസ്രയേൽ – ഇറാൻ സംഘർഷം ഒഴിവാക്കാനുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്ന യുറോപ്യൻ യൂണിയൻ നേതാക്കൾക്കും ആശങ്ക. ഇറാന്‍റെ ആണവ പദ്ധതിയിൽ ജനീവയിൽ നടന്ന ചർച്ചകൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ തന്നെ രംഗത്തെത്തി. ആണവ സമ്പുഷ്ടീകരണത്തെ കുറിച്ച് ഇറാൻ ഉറപ്പ് നൽകണമെന്നും സമാധാന ആവശ്യങ്ങൾക്കാണ് ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഉറപ്പ് നൽകണമെന്നും ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. ഫോണിലൂടെയുള്ള ചർച്ചക്കിടെ ഇറാൻ പ്രസിഡണ്ടിനോട് ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് അറിയിച്ചതായും മക്രോൺ വ്യക്തമാക്കി.

യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി നടത്തിയ ചർച്ച അവസാനിച്ചു. ആണവ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച ഇറാൻ, ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൺ, എന്നീ രാജ്യങ്ങൾക്ക് ഒപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ചർച്ചയിൽ പങ്കാളിയായി. ഇറാന്റെ ആണവ പദ്ധതികളും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുമായിരുന്നു ചർച്ചകൾ. ചർച്ചകൾ ഇനിയും തുടരും. ഏതാണ്ട് മൂന്ന് മണിക്കൂറിലധികം ഇന്ന് ചർച്ച നീണ്ടുനിന്നു. ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിച്ച ശേഷം നടക്കുന്ന ആദ്യത്തെ വിപുലമായ ചർച്ചയായിരുന്നു ഇത്. ചർച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളിലും ചർച്ച തുടരാൻ ഇറാൻ തയ്യാറാണെന്നാണ് വ്യക്തമായതെന്ന് ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ അമേരിക്കയുമായും ചർച്ച തുടരണമെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പറഞ്ഞത്. നേരത്തെ അമേരിക്കയിലെത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ കണ്ട ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജനീവയിലെത്തിയത്.