
കൊച്ചി: ലൈംഗിക വിവാദങ്ങളില്‍പ്പെട്ട കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അപമാനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് അദ്ദേഹം വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസുകാരെക്കൊണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുപോലും കേരളത്തില്‍ ജീവിക്കാനാകാത്ത സാഹചര്യമാണെന്നും കടുത്ത വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു.
യുവ നടി രാഹുലില്‍ നിന്നും അശ്ലീല സന്ദേശം ലഭിച്ചുവെന്ന പരാതി ഉന്നയിച്ചതോടെ കൂടുതല്‍ പേര്‍ സമാന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഗുരുതരമായ ഒരു വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും എത്തിയത്. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുല്‍ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ഈ വ്യക്തി വെളിപ്പെടുത്തിയത്. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാള്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍, എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയാണ് ഉണ്ടായത്. രാഹുല്‍ നിലവില്‍ എം എല്‍ എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രാഹുലിനെതിരെ സംഘടനാപരമായ നടപടി മാത്രം എടുത്താല്‍ മതിയെന്നാണ് കോണ്‍ഗ്രസില്‍ ധാരണയായത്.
ലൈംഗികാതിക്രമ കേസ് നേരിട്ട മുകേഷ് എം എല്‍ എ സ്ഥാനം രാജിവയ്ക്കാത്തത് അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കാനുള്ള നീക്കം നടത്തുന്നത്. അതേസമയം രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും ഈ സമിതി അന്വേഷിക്കും.