ഓരോ 10 മിനിറ്റിലും സ്വന്തം ഉറ്റവരാൽ ഒരു സ്ത്രീ കൊല്ലപ്പെടുന്നു; യുഎന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, 2024ൽ മാത്രം അരലക്ഷം സ്ത്രീകളും പെൺകുട്ടികളും ഇരകൾ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള ഓർമപ്പെടുത്തൽ ദിനമായി നവംബർ 25 ആചരിക്കുമ്പോൾ, യുഎൻ പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോർട്ട് ഏവരെയും അമ്പരപ്പിക്കുന്നതാണ്. 2024-ൽ ലോകമെമ്പാടും 83,000 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 60 ശതമാനത്തോളം (50,000) സ്വന്തം പങ്കാളികളോ കുടുംബാംഗങ്ങളോ ആണ് കൊലയാളികളെന്ന് യുഎൻ വിമനും യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഓരോ 10 മിനിറ്റിലും ഒരു സ്ത്രീയെങ്കിലും ഇത്തരം അടുപ്പമുള്ളവരാൽ കൊല്ലപ്പെടുന്നുവെന്നും പ്രതിദിനം ശരാശരി 137 സ്ത്രീകൾ ഇരകളാകുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

താരതമ്യേന, പുരുഷന്മാരുടെ കൊലപാതകങ്ങളിൽ വെറും 11 ശതമാനം മാത്രമാണ് ഉറ്റവരാൽ നടക്കുന്നത്. ആഫ്രിക്കയിലാണ് ഈ പ്രവണത ഏറ്റവും രൂക്ഷമായത്, ലക്ഷം സ്ത്രീകളിൽ മൂന്ന് പേർ ഇവിടെ ഉറ്റവരാൽ കൊല്ലപ്പെടുന്നു. അമേരിക്ക (1.5), ഓഷ്യാനിയ (1.4), ഏഷ്യ (0.7), യൂറോപ്പ് (0.5) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ. 2023-ലെ 51,100-ൽ നിന്ന് 2024-ൽ 50,000 ആയി കുറഞ്ഞെങ്കിലും, ഇത് കൊലപാതകങ്ങൾ കുറഞ്ഞതിന്റെ സൂചനയല്ലെന്നും മെച്ചപ്പെട്ട റിപ്പോർട്ടിങ് സംവിധാനങ്ങളുടെ ഫലമാണെന്നും യുഎൻ വിലയിരുത്തുന്നു.

സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാനുള്ള ദീർഘകാല നടപടികളുടെ ആവശ്യകതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ന്യൂയോർക്കിൽ യുഎൻ സംഘം മാധ്യമപ്രവർത്തകരെ കാണുകയും റിപ്പോർട്ടിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. ഈ കണ്ടെത്തലുകൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള ആഗോള ദിനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

More Stories from this section

family-dental
witywide